സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ട്രാന്‍സ്ലിങ്ക് പ്രഖ്യാപിച്ചു. മെട്രൊ, എന്‍ ഐ റെയില്‍വേസ്, അള്‍സ്റ്റര്‍ ബസ്സ് എന്നിവയില്‍ നിരക്കുകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ തീരുമാനപ്രകാരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 3 തിങ്കളാഴ്ച മുതല്‍ ബസ് നിരക്കുകളില്‍ 6 ശതമാനവും ട്രെയിന്‍ നിരക്കുകളില്‍ 10 ശതമാനവും ആയിരിക്കും വര്‍ദ്ധനവ്. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പോകുന്ന കോച്ചുകളുടെയോ ട്രെയിനുകളുടെയോ നിരക്കിനെ ഇത് ബാധിക്കില്ല.
പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്, പ്രത്യേകിച്ചും, കുറഞ്ഞ വരുമാനക്കാര്‍ക്ക് കിട്ടിയ ഇരുട്ടടിയാണ് ഈ വര്‍ദ്ധനവ് എന്ന് കണ്‍സ്യൂമര്‍ കൗണ്‍സിലിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ ആയ പീറ്റര്‍ മെക്ക്ലെനാഗന്‍ പ്രതികരിച്ചു. യു കെ യിലെ ബാക്കി ഭാഗങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നയത്തിന് വിരുദ്ധമായിട്ടാണ് ഈ നിരക്ക് വര്‍ദ്ധനവ് എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്നും പറഞ്ഞു. വരുന്ന വേനലില്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പൊതുഗതാഗത സംവിധാനത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാനിരിക്കെയാണ് ഈ വര്‍ദ്ധനവ് എന്നതും ശ്രദ്ധേയമാണ്.
ലിസ്‌ബേണിനും ബെല്‍ഫാസ്റ്റ് ലാന്യോന്‍ പാലസിനും ഇടയിലുള്ള പത്ത് റെയില്‍വേ സ്റ്റേഷനുകളാണ് വരുന്ന വേനല്‍ക്കാലത്ത് രണ്ട് മാസത്തേക്ക് അടച്ചിടുക. എന്നാല്‍, ഇതിന് പകരമായി ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. പുതിയ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനേ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഭാഗമായിട്ടാണ് പത്ത് സ്റ്റേഷനുകള്‍ അടച്ചിടുന്നത്.
ഏതായാലും ഈ നിരക്ക് വര്‍ദ്ധനവിനെതിരെ കണ്‍സ്യൂമര്‍ കൗണ്‍സില്‍ ശാക്തമായി രംഗത്തെത്തിയിട്ടുണ്ട്. ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചതു മൂലം ഉണ്ടായ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയില്‍ നിന്നും ഇനിയും കരകയറാന്‍ ആകാതെ ജനം വലയുന്നതിനിടയിലാണ് ഈ വര്‍ദ്ധനവ് എന്ന് കൗണ്‍സില്‍ ആരോപിക്കുന്നു. പൊതുഗതാ സംവിധാനത്തിന്റെ പ്രവര്‍ത്തനചെലവ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, അതിന്റെ പ്രത്യാഘാതം കൂടുതലാക്കിയാത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ പൊതു ഗതാഗത സംവിധാനത്തിനുള്ള ഫണ്ടിംഗ് മരവിപ്പിച്ചാതോടെയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല