വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണി മുതല്‍ പണിമുടക്ക് നടത്താനുള്ള നീക്കത്തിലാണ് ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍. കേരളത്തില്‍ കണ്ട് ശീലിച്ചതു പോലുള്ള പണിമുടക്ക് ലണ്ടനിലെ ബസ് ഡ്രൈവര്‍മാര്‍ നടത്തിയാല്‍ ലക്ഷക്കണക്കിന് ബസ് യാത്രക്കാര്‍ കാല്‍നടയെ ആശ്രയിക്കേണ്ടി വരും. വിവിധ കമ്പനികളില്‍ നിലനില്‍ക്കുന്ന കൂലി വ്യത്യാസത്തെ എതിര്‍ത്തുകൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. മുന്‍കൂട്ടി ആലോചിച്ചിരുന്നത് പോലെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ വക്താവ് അറിയിച്ചു.
എന്നാല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ സമരം അനാവശ്യമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കിയാല്‍ അത് 6.5 മില്യണ്‍ സ്ഥിരം ബസ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.
സമരത്തെ എതിര്‍ത്ത് കൊണ്ടും സമരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ടിഎഫ്എല്ലിലെ ലിയോണ്‍ ഡാനിയല്‍ ലണ്ടന്‍കാര്‍ക്ക് തുറന്ന കത്ത് എഴുതി. എല്ലാവര്‍ക്കും ഒരേ വേതനമെന്ന ആവശ്യം ബുദ്ധിശൂന്യതയാണെന്നും പിരചയ സമ്പത്ത് ഷിഫ്റ്റി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് വേതനം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം കൊടുക്കുക എന്നാല്‍ ബസ് കൂലി വര്‍ദ്ധിപ്പിക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. അത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അതുകൊണ്ട് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴിലാളികള്‍ ആവശ്യപ്പെട്ട് വരുന്നൊരു കാര്യം സമരത്തിന്റെ രൂപത്തിലേക്ക് പരിണമിച്ചിട്ടും അത് പരിഹരിക്കാന്‍ ശ്രമിക്കാതെ ഒത്തുതീര്‍പ്പ് നടത്താനാണ് ടിഎഫ്എല്‍ ശ്രമിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ തിരിച്ചടിച്ചു. ബാക്കി ഒരു തൊഴിലിലും വേതന വൈവിധ്യമില്ല.പിന്നെ എന്തിനാണ് ഡ്രൈവര്‍ക്ക് മാത്രം വേര്‍തിരിവെന്നും യൂണിയന്‍ ചോദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല