1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2024

സ്വന്തം ലേഖകൻ: കുവൈത്ത് മിനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരെ മൂന്നു ദിവസത്തിനകം പിരിച്ചുവിടണമെന്ന തീരുമാനത്തിനു പിന്നാലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു തീരുമാനവുമായി കുവൈത്ത് ഭരണകൂടം. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള റസിഡന്‍സി പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാര്‍ക്കും വിദേശികള്‍ക്കും കമ്പനികളിലോ സ്ഥാപനങ്ങളിലോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നതാണ് പുതിയ ഉത്തരവ്. മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് കുവൈത്തിലെ അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏതെങ്കിലും പ്രൊജക്ടിന്റെ ഭാഗമായോ അല്ലെങ്കില്‍ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതോ ആയ വര്‍ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റെസിഡന്‍സ് വീസയാണ് ആര്‍ട്ടിക്ക്ള്‍ 18 പ്രകാരമുള്ള വീസ. മലയാളികള്‍ ഉള്‍പ്പെടെയുള്ള മിക്ക പ്രവാസികളും സാധാരണ ഈ തൊഴില്‍ വീസയിലാണ് കുവൈത്തില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് മറ്റേതെങ്കിലും സ്ഥാപനം തുടങ്ങാനോ അതില്‍ പാര്‍ട്ണര്‍മാരാവാനോ കഴിയില്ലെന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.

പ്രവാസികള്‍ക്ക് കമ്പനികളുടെ ഉടമകളാകാനോ പങ്കാളികളാവാനോ സാധിക്കണമെങ്കില്‍ അവര്‍ക്ക് ആര്‍ട്ടിക്ക്ള്‍ 19 പ്രകാരമുള്ള വീസ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഈ പുതിയ ഉത്തരവ് എല്ലാ കമ്പനികളിലും സ്ഥാപനങ്ങളിലും നിലവിലുള്ള ആര്‍ട്ടിക്ക്ള്‍ 18 വീസക്കാരുടെ ഉടമസ്ഥാവകാശത്തെ താല്‍ക്കാലികമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പനിയുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെ ഇത് ബാധിക്കും. കൂടാതെ, ആര്‍ട്ടിക്കിള്‍ 19-ന് കീഴില്‍ വരാത്ത പങ്കാളികളോ മാനേജര്‍മാരോ ഉള്‍പ്പെടുന്ന നിലവിലുള്ള സ്ഥാപന ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ പുതിയ ഉത്തരവ് എപ്പോള്‍ മുതല്‍ നിലവില്‍ വരും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത കൈവന്നിട്ടില്ല.

വാണിജ്യ സ്ഥാപനങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്ന പുതിയ മാനേജ്‌മെന്റ് നയത്തിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് സ്ഥാപന ഉടമസ്ഥാവകാശം വിലക്കില്ലൊണ്ടുള്ള തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ യൂനിവേഴ്‌സിറ്റി ബിരുദം ആവശ്യമായ തസ്തികകളില്‍ നിന്ന് പ്രവാസികളെ മൂന്നു ദിവസത്തിനകം പിരിച്ചുവിടണമെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍ കാര്യ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രവാസികള്‍ക്ക് ഇരുട്ടടിയാവുന്ന മറ്റൊരു തീരുമാനവുമായി വാണിജ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.