
സ്വന്തം ലേഖകൻ: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് നിക്ഷേപ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് നടപ്പിലായി തുടങ്ങിയത്.
ഇനി മുതൽ രാജ്യത്തെവിടെയും വ്യപാര വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഏക രജിസ്ട്രേഷൻ മതിയാകും. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇത് വഴി സാധിക്കും. നിലവിൽ ഉപ സി.ആറുകൾ ലഭ്യമാക്കിയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. നിലവിലെ ഉപ സി.ആറുകൾ റദ്ദാക്കുവാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി അഞ്ച് വർഷത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. വ്യാപാരികൾക്കും വ്യവസായികൾക്കും ഒപ്പം വിദേശ നിക്ഷേപകർക്കും ലോക നിലവാരത്തിലുള്ള ഏറ്റവും മികച്ച ബിസിനസ് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാൽ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ 50,000 റിയാൽ വരെ പിഴ ചുമത്തുന്നതിനും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല