1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2011

പുതിയ യൂറോപ്യന്‍ സാമ്പത്തിക ഉത്തേജകപാക്കേജ് അംഗീകരിക്കുന്നതിനു മുമ്പ് ഗ്രീസില്‍ ഹിതപരിശോധന നടത്തേണ്ടി വരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന യൂറോപ്യന്‍ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കി. കാരണം സര്‍ക്കാറിന്റെ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ മൂലം നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഗ്രീസ് ഇതിനകം സാക്ഷ്യംവഹിച്ചിട്ടുണ്ട്.

റിയാലിറ്റി, ഓട്ടോ, ബാങ്കിങ്, മെറ്റല്‍ ഓഹരികളിലാണ് കനത്ത നഷ്ടം അനുഭവപ്പെട്ടത്. സെന്‍സെക്‌സ് 1.27 ശതമാനം(224.18) താഴേക്കിറങ്ങി 17480.83ലും നിഫ്റ്റി 1.29 ശതമാനം(68.65) കുറഞ്ഞ് 5257.95ലും ക്ലോസ് ചെയ്തു. ടാറ്റാ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ഓഹരികള്‍ 2.3 ശതമാനം നഷ്ടം നേരിട്ടു. സ്റ്റര്‍ലൈറ്റ് ഓഹരികളും ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികളും നാല് ശതമാനം വീതം തകര്‍ന്നു.

ഏഷ്യന്‍ വിപണികളായ സ്‌ട്രെയ്റ്റ് ടൈംസ്, ഹാങ്‌സെങ്, നിക്കി എന്നിവയെല്ലാം താഴേക്കിറങ്ങിയിട്ടുണ്ട്. ജര്‍മന്‍ വിപണിയായ ഡാക്‌സ് കനത്ത നഷ്ടത്തെ നേരിടുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 273.18 പോയിന്റിലേറെ താഴ്ന്നാണ് വില്‍പ്പന നടക്കുന്നത്. ബ്രോക്കിങ് സ്ഥാപനമായ എംഎഫ് ഗ്ലോബലിന്റെ തകര്‍ച്ച അമേരിക്കയെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്.

ശതമാനകണക്കു നോക്കുകയാണെങ്കില്‍ സെന്‍ട്രല്‍ ബാങ്ക്, ജെയ്പീ ഇന്‍ഫ്രാടെക്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മുത്തൂറ്റ് ഫിനാന്‍സ്, ലാന്‍കോ ഇന്‍ഫ്രാട്രക് ഓഹരികള്‍ക്കാണ് തകര്‍ച്ച സംഭവിച്ചത്. ഏകദേശം അഞ്ചുശതമാനത്തോളം മൂല്യതകര്‍ച്ചയാണ് ഓഹരികള്‍ക്കുണ്ടായിട്ടുള്ളത്.

അതേ സമയം മികച്ച രണ്ടാം പാദ ഫലം ഹാവെല്‍സ് ഇന്ത്യ പോലുള്ള കമ്പനികള്‍ക്ക് അനുഗ്രഹമായി. ഹാവെല്‍സ് ഇന്ത്യയും ഗുജറാത്ത് മിനറല്‍സും ആറര ശതമാനത്തോളം ഉയര്‍ന്നു. ക്രിസില്‍, ആദിത്യ ബിര്‍ള നുവോ, കോള്‍ഗേറ്റ് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.