സ്വന്തം ലേഖകൻ: അധികാരം നിലനിർത്താൻ ഗാന്ധിജിയുടെ സ്വദേശിവാദം ഉപയോഗിക്കുകയാണ് ഇന്ത്യൻ വംശജൻ ഋഷി സുനക്. ജൂലൈ നാലിന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) 1997 ലേതിനേക്കാൾ മോശം പ്രകടനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആകെയുള്ള 650 സീറ്റുകളിൽ, ടോറികൾ അന്ന് 165 സീറ്റിലേക്ക് ഒതുങ്ങിപ്പോയിരുന്നു.
ഇത്തവണയും അഭിപ്രായ സർവേകളിലും മാധ്യമങ്ങളിലും പ്രമുഖരുടെ വിലയിരുത്തലുകളിലുമടക്കം തെളിയുന്നത് സുനകിനെതിരെയുള്ള പ്രതിഷേധമാണ്. ഇത്തവണ സീറ്റെണ്ണം മൂന്നക്കം കടക്കാൻ പാടുപെടുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാകും ഇത്തവണ തങ്ങളുടേതെന്ന ഭീതി ടോറികൾക്കുണ്ടെന്നും അതു മുന്നിൽക്കണ്ട് നയംമാറ്റങ്ങൾ അടക്കമുള്ള തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
“നമ്മൾ വിദേശ ഭക്ഷണത്തെ ആശ്രയിക്കരുത്. ബ്രിട്ടിഷുകാരുടേതു മാത്രം വാങ്ങുക” എന്ന് കുറച്ചു ദിവസം മുൻപു സുനക് നടത്തിയ പ്രഖ്യാപനം അതിൽ ഒടുവിലത്തേതാണ്. സ്വന്തം തട്ടകമായ റിച്ച്മൊണ്ട് പോലും പ്രധാനമന്ത്രിയെ കൈവിട്ടേക്കാം എന്നതാണ് സ്ഥിതി. കൺസർവേറ്റീവ് പാർട്ടി 53 സീറ്റിലേക്ക് ചുരുങ്ങിപ്പോകുമെന്നാണ് ഒരു അഭിപ്രായ സർവേയിലെ കണ്ടെത്തൽ. റിച്ച്മൊണ്ടിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രിപദത്തിലിരിക്കെ സ്വന്തം സീറ്റിൽ തോൽക്കുന്ന ആദ്യയാളായി സുനക് മാറും. കൺസർവേറ്റീവ് പാർട്ടിയുടെ ശക്തി കേന്ദ്രമാണ് റിച്ച്മൊണ്ട്. 1910 മുതൽ സ്ഥിരമായി ഇവിടെ വിജയിക്കുന്നത് ടോറികളാണ്.
ബ്രക്സിറ്റ് മൂലം വലഞ്ഞിരിക്കുന്ന ബ്രിട്ടനിലെ പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ‘വിദേശ ഭക്ഷണ ബഹിഷ്കരണ’ നയം കൊണ്ട് സുനക് ഉദ്ദേശിക്കുന്നത്. കർഷകരെ സഹായിക്കാൻ, ഇറക്കുമതി ചെയ്യുന്ന കാർഷിക ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതിനൊപ്പം അവർക്ക് കൂടുതൽ സബ്സിഡികളും ഗ്രാന്റുകളും അനുവദിക്കുകയും ചെയ്തേക്കും. സാമ്പത്തിക സ്തംഭനാവസ്ഥ, വീടുകളുടെ ലഭ്യതക്കുറവ്, ഉയരുന്ന ജീവിതച്ചെലവ്, കുടിയേറ്റം, വിദേശനയത്തിലെ ആശങ്കകൾ തുടങ്ങിയവയാണ് മറ്റു പ്രധാന പ്രശ്നങ്ങൾ.
സാമ്പത്തിക സ്വയംപര്യാപ്തതയും ദേശീയതയും മുൻനിർത്തിയുള്ള പ്രചാരണത്തിലേക്ക് ശ്രദ്ധയൂന്നാനാണ് സുനകിന്റെ നീക്കം. അതിലൂടെ തദ്ദേശീയ വ്യാപാരികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങിയവരിലേക്ക് ഇറങ്ങിച്ചെല്ലാമെന്നാണ് ടോറികളുടെ പ്രതീക്ഷ. അതേസമയം, കൺസർവേറ്റീവ് പാർട്ടിക്ക് അധികാരത്തുടർച്ച ലഭിച്ചാൽ വിലക്കയറ്റം, ബ്രിട്ടനിലേക്കുള്ള ഇറക്കുമതി കുറയുന്നത് ബാധിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധം, ബ്രിട്ടനിൽ നിന്നുള്ള കയറ്റുമതി കുറയുന്നത് രാജ്യാന്തര തലത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വിലയിരുത്തപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല