1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2024

സ്വന്തം ലേഖകൻ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കിയ ‘ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനത്തിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഈ പലിശ രഹിത സംരംഭം വാഗ്ദാനം ചെയ്യുന്ന വന്‍ നേട്ടങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നതിന്റെ സൂചനയാണെന്ന് ഈ പ്രതികരണമെന്ന് മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. പറഞ്ഞിട്ടുണ്ട്.

കൈവശം പണമില്ലാത്ത സമയത്തും സാധനങ്ങളും സേവനങ്ങളും എളുപ്പത്തില്‍ സ്വന്തമാക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഒരു ബാങ്കിംഗ് സൊല്യൂഷനാണ് ബൈ നൗ പേ ലേറ്റര്‍. പലിശയോ ഫീസോ ഇല്ലാതെ ഇതുപയോഗിച്ച് പര്‍ച്ചേസ് നടത്താനാവും. അടുത്ത മൂന്ന് മാസത്തിനകം ഗഡുക്കളായി പണം തിരികെ അടച്ചാല്‍ മതിയാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

ലോകമെമ്പാടുമുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്ന, ലോകത്തിലെ മുന്‍നിര പേയ്മെന്റ് സംവിധാനങ്ങളിലൊന്നായി ഈ ശരീഅത്ത് അനുസരിച്ചുള്ള സാമ്പത്തിക മാതൃക മാറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് പരീക്ഷണാര്‍ഥം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പദ്ധതിക്ക് രൂപം നല്‍കിയത്. തുടക്കത്തില്‍ അഞ്ച് കമ്പനികള്‍ക്കാണ് ഈ സേവനം നല്‍കാനുള്ള അനുമതി സെന്‍ട്രല്‍ ബാങ്ക് നല്‍കിയത്. സ്‌പെന്റ് വൈസര്‍, ഖൈവര്‍ ഫിന്‍ടെക് എല്‍എല്‍സി, എച്ച്എസ്എബി ഫോര്‍ പെയ്‌മെന്റ് സൊല്യൂഷന്‍സ്, മിഹുറു എല്‍എല്‍സി, പേലെയ്റ്റര്‍ വെബ്സൈറ്റ് സര്‍വീസസ് എന്നിവയ്ക്കായിരുന്നു അനുമതി.

ഈ സംരംഭത്തിന്റെ പരീക്ഷണ ഘട്ടം ജൂലൈ 17 നാണ് ആരംഭിച്ചത്. അടുത്ത മൂന്ന് മാസം നീണ്ടു നില്‍ക്കുന്നതാണ് ഈ ഘട്ടം. പദ്ധതിയുടെ പരീക്ഷണ ഘട്ടം ആരംഭിച്ചതുമുതല്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നതെന്ന് സ്പെന്റ് വൈസറിന്റെ സഹസ്ഥാപകനും സിഇഒയുമായ സഫറുദ്ദീന്‍ ഫാറൂഖ് പറഞ്ഞു.

ലോകമെമ്പാടുമുള്ള മാനേജ്മെന്റ് സ്ട്രാറ്റജിയുടെയും മാര്‍ക്കറ്റ് റിസര്‍ച്ചിന്റെയും മുന്‍നിര ഉപദേഷ്ടാവായ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് അനാലിസിസ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ഐഎംആര്‍സി ഗ്രൂപ്പ്) കണക്കനുസരിച്ച്, ജിസിസിയിലെ ബിഎന്‍പിഎല്‍ വിപണി വലുപ്പം 2024-2032 കാലയളവില്‍ 23.6 ശതമാനം വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബഹുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവര്‍ത്തനങ്ങളും ബജറ്റ് നിയന്ത്രണത്തിനും സൗകര്യത്തിനും മുന്‍ഗണന നല്‍കുന്ന വ്യക്തികളുടെ എണ്ണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ഇഷ്ട സേവനങ്ങളിലൊന്നായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.