1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2024

സ്വന്തം ലേഖകൻ: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് ആവേശം വാനോളം. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.

എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരിൽ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിന്‍റെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍. റോഡ് ഷോയ്ക്ക് പിന്നാലെയായിരിക്കം പാലക്കാട് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം നടക്കുക.

കല്പാത്തിയിലെ ഒന്നാംതേരിന്റെ ദിവസമായിരുന്നു വോട്ടെടുപ്പ് തീരുമാനിച്ചിരുന്നത്. കല്പാത്തിയിലും ചുറ്റിനുമുള്ള വോട്ടർമാർക്ക് ബുദ്ധിമുട്ടാകുമെന്ന പരാതികളുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് 20-ലേക്ക് മാറ്റിവെച്ചതോടെ രാഷ്ട്രീയപ്രവർത്തകർക്കും ചെറിയ ആശ്വാസമായി. പ്രചാരണത്തിന് ഒരാഴ്ചയെങ്കിലും കൂടുതൽ കിട്ടിയത് മത്സരത്തിന്റെ കടുപ്പം കൂട്ടിയിട്ടുമുണ്ട്.

ഇനി കാത്തിരിപ്പും കൗതുകവും പാലക്കാടൻ കാറ്റ് ഇത്തവണ ആരെ വാഴ്ത്തും, ആരെയൊക്കെ വീഴ്ത്തുമെന്ന് കണ്ടറിയാനാണ്. ഒരു കാര്യം ഉറപ്പ്, തിരഞ്ഞെടുപ്പുഫലം വന്നുകഴിഞ്ഞാലും സംസ്ഥാനരാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കാൻ പര്യാപ്തമാണ് പ്രചാരണരംഗത്തെ ചർച്ചകളും നീക്കങ്ങളും. വിവാദമൊഴിഞ്ഞ് ഒരുനാൾപോലുമില്ലായിരുന്നു ഇതുവരെയുള്ള പ്രചാരണത്തിൽ.

പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ പിരായിരി, കണ്ണാടി പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. പാലക്കാട് മണ്ഡലത്തിൽ 1,94,706 വോട്ടർമാരിൽ ഭൂരിപക്ഷം വനിതകളാണ്. 1,00,290 സ്ത്രീകളും 94,412 പുരുഷന്മാരും നാല് ട്രാൻജെൻഡർമാരുമെന്നാണ് തിരഞ്ഞെടുപ്പുവിഭാഗത്തിന്റെ കണക്ക്.

വിവാദവിഷയങ്ങൾക്കപ്പുറം അവസാനനാളുകളിൽ മണ്ഡലത്തിന്റെ വികസനവും തിരഞ്ഞെടുപ്പുരംഗത്ത് ചർച്ചയാകുന്നുണ്ട്. വികസനരംഗത്തെ തളർച്ച എൽ.ഡി.എഫ്. പ്രചാരണങ്ങളിൽ മുഴങ്ങുന്നുണ്ട്. എന്നാൽ, അമിത അവകാശവാദങ്ങൾക്കില്ലാതെ മെഡിക്കൽ കോളേജ് അടക്കമുള്ള നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് യു.ഡി.എഫ്. പ്രചാരണം നയിക്കുന്നു.

സ്ഥാനാർഥി പാലക്കാട് നഗരസഭാ വൈസ് ചെയർമാനായിരിക്കെ ചെയ്ത കാര്യങ്ങൾ വിശദമാക്കി വികസനരേഖയുമായാണ് എൻ.ഡി.എ. വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. മുന്നണിസ്ഥാനാർഥികൾക്കുപുറമേ ഏഴുപേർകൂടി മത്സരരംഗത്തുണ്ട്. ഇതിൽ മറ്റുരണ്ടു രാഹുൽമാരും ഉൾപ്പെടും. ഉപരിതലത്തിലെ രാഷ്ട്രീയക്കാറ്റുകൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് തിരഞ്ഞെടുപ്പു മാനേജർമാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.