സ്വന്തം ലേഖകൻ: പ്രിയങ്കാ ഗാന്ധി വദ്ര തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എന്നുവരും എന്ന രാഷ്ട്രീയ ചോദ്യം അവസാനിക്കുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്നതോടെ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സംജാതമാകുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കും. രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തി എന്നതിനൊപ്പം രാഷ്ട്രീയപ്രസക്തമായ തീരുമാനത്തിലേക്കാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ് കടന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഏറെനാളായി കോണ്‍ഗ്രസ് നേതൃത്വവും അണികളും ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും ഗ്രൗണ്ടിന് പുറത്തുനിന്ന് കളി നിയന്ത്രിക്കുകയായിരുന്നു രണ്ടാം ഇന്ദിരാ ഗാന്ധിയെന്ന് വിളിക്കുന്ന പ്രിയങ്ക. അവരെ ഏറ്റവും സുരക്ഷിതമായ സീറ്റില്‍ മത്സരിപ്പിച്ച് ലോക്സഭയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പ് കോണ്‍ഗ്രസ് നടത്തുമ്പോള്‍ ചെറിയ പദ്ധതികള്‍ ആയിരിക്കില്ല പാർട്ടിക്ക് മുന്നിലുള്ളതെന്ന് ഉറപ്പിക്കാം.
2019 ലെ തിരഞ്ഞെടുപ്പില്‍ അമേഠി പരാജയപ്പെടുത്തിയപ്പോള്‍ രാഹുലിനെ പാര്‍ലമെന്റിലേക്ക് നടത്തിച്ചത് വയനാട്ടുകാരാണ്. ആ വയനാടിനെ ഉപേക്ഷിക്കുകയെന്ന ഒറ്റ തീരുമാനത്തിലെത്തുന്നത് വ്യക്തിപരമായി രാഹുലിനും രാഷ്ട്രീയമായി കേരളത്തിലെ കോണ്‍ഗ്രസിനും തിരിച്ചടിയുണ്ടാക്കുന്നതാവുമെന്ന ബോധ്യവും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് പ്രിയങ്കയെന്ന ഫയർബ്രാന്‍ഡിനെ കോണ്‍ഗ്രസ് കളത്തിലിറക്കി സുപ്രധാന നീക്കം കോണ്‍ഗ്രസ് നടത്തിയത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചവരാണ് വയനാട്ടുകാര്‍. ഈ തിരഞ്ഞെടുപ്പിലും രാഹുലിനെ മണ്ഡലം ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അനിവാര്യമായ ഈ ഘട്ടത്തില്‍ പ്രിയങ്കയെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് വയനാട് തന്നെയാണ്. 2019ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തിന് രാഹുലെത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയായിരുന്നു.
പിന്നീട് രാഹുലിനൊപ്പം പലവട്ടം പ്രിയങ്ക വയനാട്ടിലെത്തിയിട്ടുണ്ട്. കന്നിയങ്കത്തിനായി പ്രിയങ്ക ചുരം കയറുമ്പോള്‍ രാഹുലിനേക്കാള്‍ ഭൂരിപക്ഷത്തില്‍ പ്രിയങ്കയെ പാർലമെന്‍റിലെത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രിയങ്ക കേരളത്തിലെത്തുന്നതോടെ ഗാന്ധി കുടുംബത്തിന്‍റെ യുവ മുഖങ്ങളുടെ സാന്നിധ്യം ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഉറപ്പിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ വയനാടിനെ ഉപേക്ഷിച്ചു എന്ന് പറയുന്നതിനേക്കാള്‍ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹത്തിന്റെ ചിറകരിയുന്നതാണ് പ്രിയങ്കയുടെ വരവെന്ന വിലയിരുത്തലുമുണ്ട്.
തമിഴ്നാട്ടില്‍ നേരിട്ട് പ്രാതിനിധ്യമില്ല കോണ്‍ഗ്രസിന്. ആന്ധ്രയും കർണാടകയും കേരളവും അടക്കം ബിജെപിയുടെ മിഷന്‍ ദക്ഷിണേന്ത്യ ആരംഭിച്ചു കഴിഞ്ഞു. ബിജെപിയെ പടിക്ക് പുറത്ത് നിർത്തിയ കേരളത്തിലടക്കം ഒരു സീറ്റ് നേടിയത് ആഘോഷിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി വർധിപ്പിച്ചതിനെ ചെറുതായി കണ്ടുകൂടാ. ഈ ഘട്ടത്തില്‍ സ്റ്റാലിനൊപ്പം, ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമൊപ്പം കേരളത്തിലെ കോണ്‍ഗ്രസിനുമൊപ്പം പ്രിയങ്കയെന്ന ക്രൗഡ് പുള്ളര്‍ നേതാവ് അണി നിരക്കുന്നത് ചില്ലറ ആത്മവിശ്വാസമല്ല ഉണ്ടാക്കുന്നത്.
കോൺഗ്രസിൻ്റെ ട്രബിൾ ഷൂട്ടർ എന്ന നിലയിൽ ഇതിനകം യോഗ്യത നേടിയ പ്രിയങ്ക ഗാന്ധി നല്ല വാഗ്മിയും ജനകീയ മുഖമുള്ള നേതാവുമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം മുന്നേറ്റമുണ്ടാക്കാന്‍ പ്രിയങ്കയുടെ തന്ത്രങ്ങള്‍ക്ക് കൂടി കഴിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ സംഘടനാ രംഗത്ത് സജീവമായ പ്രിയങ്ക ബിജെപിക്കെതിരെ കടന്നാക്രമണം നടത്താന്‍ ഒരു ഘട്ടത്തിലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല.
ഇതുവരെയും സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രചാരണത്തില്‍ സജീവമായ പ്രിയങ്ക ഒരു മത്സരത്തിനൊരുങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഗതി മാറുന്ന തീരുമാനം തന്നെയാണെന്നും ഉറപ്പിച്ച് പറയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല