സ്വന്തം ലേഖകൻ: ബൈജൂസ് ആപ്പില്‍ നിന്ന് ഉടമ ബൈജു രവീന്ദ്രനെ പുറത്താക്കാനുറച്ച് ഓഹരി ഉടമകള്‍. ഇതിനു മുന്നോടിയായി ഓഹരി ഉടമകള്‍ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്നും പുതിയ ഓഹരികള്‍ നല്കി പണം കണ്ടെത്താനുള്ള ബൈജുവിന്റെ ശ്രമങ്ങള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണു കമ്പനിയുടെ ഭാവിയെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങളുണ്ടായത്.
സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെയും ഭാര്യ ദിവ്യ ഗോകുല്‍നാഥിനെയും കമ്പനിയില്‍ നിന്നു പുറത്താക്കുന്നതിന്റെ ഭാഗമാണ് കമ്പനി നിയമ ട്രൈബ്യൂണലിലെ ഹര്‍ജി. കമ്പനിയെ നയിക്കാന്‍ ബൈജുവിനോ നിലവിലെ നേതൃത്വത്തിനോ കഴിവില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നുമാണു പ്രധാന ആവശ്യങ്ങള്‍. ഇതിന്റെ ഭാഗമായി അവകാശ ഓഹരി ഇറക്കാനുള്ള സി.ഇ.ഒയുടെ അധികാരം എടുത്തുകളയണമെന്നും ഹര്‍ജിയിലുണ്ട്.
നിലവിലെ ഓഹരി ഉടമകള്‍ക്കു കൈവശം വെയ്ക്കുന്ന ഓഹരികള്‍ക്ക് അനുസരിച്ച് അവകാശ ഓഹരി നല്കി 1650 കോടി രൂപ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കു തടയിടുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കമ്പനിയുടെ ഇതുവരെയുള്ള ഇടപാടുകളില്‍ ഫോറന്‍സിക് ഓഡിറ്റിങും ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് ഓഡിറ്റിങ് റിപ്പോര്‍ട്ട് ഔദ്യോഗിക രേഖയായി കോടതികള്‍ സ്വീകരിക്കുമെന്നതിനാല്‍ നിലവിലെ കമ്പനി ഉടമകള്‍ കേസുകളില്‍ പ്രതിയാകാനുള്ള സാഹചര്യം ഉണ്ടാകും.
ജനറല്‍ അറ്റ്ലാന്റിക്, ഷാന്‍ സുക്കര്‍ബര്‍ഗ് ഇനീഷിയേറ്റീവ് അടക്കമുള്ള വിദേശ നിക്ഷേപകരുടെ പിന്തുണയോടെ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിനെതിരെ ബൈജു കര്‍ണാടക ൈഹക്കോടതിയെ സമീപിച്ചിരുന്നു. യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതു മേയ് 13വരെ കോടതി തടഞ്ഞു. ഈസാഹചര്യത്തിലാണു കമ്പനി നിയമ ട്രൈബ്യൂണലില്‍ കേസെത്തിയത്. ബൈജു രവീന്ദ്രനോ,ഭാര്യ ദിവ്യ ഗോകുല്നാഥോ യോഗത്തില്‍ പങ്കെടുത്തില്ല.
അതേസമയം ബൈജു രവീന്ദ്രന് ദുബായിലേക്ക് കടന്നെന്ന് സൂചന. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന് രാജ്യംവിട്ടത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പേതന്നെ ബൈജു രാജ്യംവിട്ടെന്നാണ് വിവരം.
രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിര്‍ദേശിക്കുകയായിരുന്നു. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു.
ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല