![](https://www.nrimalayalee.com/wp-content/uploads/2021/08/China-Japan-Covid-Second-Wave-Lockdown.jpg)
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ സി.1.2 ആശങ്ക പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ആദ്യമായി സി.1.2 വകഭേദം തിരിച്ചറിഞ്ഞത്. ഈ വര്‍ഷം മേയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ്, ക്വാസുലു നാറ്റല്‍ റിസര്‍ച്ച് ഇന്നവേഷന്‍ ആന്‍ഡ് സീക്വന്‍സിങ് പ്ലാറ്റ്ഫോമിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.
തീവ്ര വ്യാപനശേഷിയാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. മാത്രവുമല്ല, നിലവില്‍ കൊറോണ വൈറസിനെതിരെ വാക്സിനുകള്‍ നല്കുന്ന സംരക്ഷണം ഈ വകഭേദത്തിന് ലഭിക്കില്ലെന്നത് വലിയൊരു ഭീതിയാണ് ഉയര്‍ത്തുന്നത്. ദക്ഷിണാഫിക്കയ്ക്ക് പിന്നാലെ ഈ വകഭേദം ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൗറിഷ്യന്‍, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഈ കഴിഞ്ഞ ഓഗസ്റ്റ് 13 ന് കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തില്‍ ഏറ്റവും പ്രമുഖമായി പടര്‍ന്നിരുന്ന സി.1 എന്ന വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചിരിക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സി.1.2 വകഭേദം.
ഈ പുതിയ വകഭേദത്തിന് മറ്റ് ആശങ്കപ്പെടേണ്ട വകഭേദങ്ങളെക്കാള്‍ കൂടുതല്‍ ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വര്‍ഷം 41.8 ജനിതകവ്യതിയാനം എന്ന നിലയിലാണ് സി.1.2 വകഭേദത്തിന്റെ ജനിതകവ്യതിയാന നിരക്ക്. ഈ വകഭേദത്തിന് ലോകത്തുള്ള മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തിലാണ് ജനിതകവ്യതിയാനം സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വാക്സിനുകള്‍ക്ക് ഉള്ളതുപോലെ എസ്കേപ്പ് ആന്റിബോഡികള്‍ ഈ വകഭേദത്തിന് ഉണ്ടാകുമോ എന്നതാണ് മറ്റൊരു സംശയം.
സാര്‍സ് കോവ്-2 വൈറസിന് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിച്ച് രോഗത്തിന് കാരണമാകാന്‍ ഇടയാക്കുന്നതാണ് സ്പൈക്ക് പ്രോട്ടീന്‍. ഈ സ്പൈക്ക് പ്രോട്ടീനെയാണ് ഭൂരിഭാഗം വാക്സിനുകളും ലക്ഷ്യം വെക്കുന്നത്. N440K, Y449H എന്നീ വകഭേദങ്ങള്‍ ചില ആന്റിബോഡികളുടെ ഇമ്മ്യൂണ്‍ എസ്കേപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയും പുതിയ സി.1.2 വകഭേദത്തിലുണ്ട്. ഇത്തരം മാറ്റങ്ങള്‍ എല്ലാം കൂടി വൈറസിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി മാറ്റംവരുത്തി ആന്റിബോഡികളെയും ഇമ്മ്യൂണ്‍ റെസ്പോണ്‍സിനെയും ക്രമിക്കാന്‍ വൈറസിനെ സഹായിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ആല്‍ഫ, ബീറ്റാ വകഭേദങ്ങള്‍ ഉണ്ടായത് വഴി നേടിയെടുത്ത ആന്റിബോഡികളെയും ആക്രമിക്കാന്‍ ഇത് വഴിയൊരുക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ ഏഴ് പ്രോവിന്സുകളിലും ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഓഷ്യാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മറ്റ് ഏഴ് രാജ്യങ്ങളിലുമായാണ് ഈ പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദത്തിന് പുതിയ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉള്ളതായി ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൂക്കൊലിപ്പ്, നിരന്തരമായ ചുമ, തൊണ്ടവേദന, ശരീരവേദന, മണവും രുചിയും നഷ്ടമാവല്‍, പനി, പേശീവേദന, കണ്ണിന് പിങ്ക് നിറമാവല്‍, വയറിളക്കം എന്നിവയാണ് നിലവില്‍ കാണുന്ന ലക്ഷണങ്ങള്‍.
കരുതൽ നടപടികളുടെ ഭാഗമായി മുംബൈ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇന്നു മുതല്‍ മുംബൈ വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കുമെന്ന് മുംബൈ മുനിസിപ്പല്‍ കോര്പറേഷന് (ബിഎംസി) അറിയിച്ചു. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ടിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് നല്‍കുന്നത് റദ്ദാക്കി. എന്നിരുന്നാലും, അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ചില പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപോര്‍ട്ട് ചെയ്ത പുതിയ കോവിഡ് വകഭേദം C.1.2 ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല