അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ സാംസ്കാരികവേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടുമായ ശ്രീ. സി എ ജോസഫിനെ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപന വേദിയായ നെടുമുടി വേണു നഗറിൽ വച്ച് യുക്മ ആദരിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭയുടെ ലഫ്‌റോ രൂപതാ ബിഷപ്പും മലയാളിയുമായ ഫാദർ സാജു മുതലാളിയുടെയും യുക്മ ദേശീയ നേതാക്കളുടെയും സാന്നിധ്യത്തിൽ യുക്മ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ എബി സെബാസ്റ്റ്യനാണ് പൊന്നാടയണിയിച്ച് ശ്രീ. സി എ ജോസഫിനെ ആദരിച്ചത്.
യുക്മയുടെ തുടക്കം മുതൽ പൊതു സമൂഹത്തിനു വേണ്ടി യുക്മ നടത്തിയിട്ടുള്ള മുഴുവൻ പരിപാടികളെയും പ്രോത്സാഹിപ്പിച്ചിട്ടുള്ള ശ്രീ. സി എ ജോസഫ് യുക്മയുടെ വിശ്വസ്തനായ സഹയാത്രികനാണെന്നും അഡ്വ. എബി സെബാസ്റ്റ്യൻ സൂചിപ്പിച്ചു. പുരസ്കാര തുകയായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുവാനുള്ള തീരുമാനമെടുത്ത പ്രസിഡന്റ് ശ്രീ. സി എ ജോസഫിന്റെയും സെക്രട്ടറി ശ്രീ. എബ്രഹാം കുര്യന്റെയും നേതൃത്വത്തിലുള്ള മലയാളം മിഷന്റെ മുഴുവൻ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു .
മാതൃഭാഷാ പ്രചാരണത്തിനായി സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളിൽ മികച്ച പങ്കാളിത്തം കാഴ്ചവെച്ചിട്ടുള്ള ചാപ്റ്ററിന് കേരള ഗവൺമെൻറ് ഏർപ്പെടുത്തിയ പ്രഥമ കണിക്കൊന്ന പുരസ്കാരത്തിന് അർഹമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന് നേതൃത്വം നൽകിയ ശ്രീ. സി എ ജോസഫിനെയും മറ്റ് ഭാരവാഹികളെയും യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും അഭിനന്ദിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020 ന്റെ ആരംഭഘട്ടത്തിൽ സഹജീവികളുടെ ജീവനുവേണ്ടി പോരാടിയിരുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുകെയിലെ വളർന്നു വരുന്ന കലാ പ്രതിഭകളെ പങ്കെടുപ്പിച്ച് നാല് മാസത്തോളം യുക്മ സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ചിരുന്ന സി എ ജോസഫിന്റെ സംഘാടക മികവിന് ലഭിച്ച അംഗീകാരംകൂടിയാണ് അദ്ദേഹം പ്രസിഡണ്ടായി ചുമതല വഹിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരലബ്ധിയെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അഭിപ്രായപ്പെട്ടു.
യുക്മ സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ, ഇപ്പോൾ രക്ഷാധികാരി എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ശ്രീ. സി എ ജോസഫിന്റെ ആത്മാർത്ഥത നിറഞ്ഞ പ്രവർത്തന മികവിന്റെ അംഗീകാരവുമാണ് മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരമെന്ന് യുക്മ ദേശീയ നിർവാഹകസമിതി അംഗവും യുക്മ സാംസ്കാരികവേദി കോർഡിനേറ്ററുമായ കുര്യൻ ജോർജ്ജും അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സന്നിഹിതനായിരുന്ന ലെഫ്റോ രൂപതാ ബിഷപ്പ് റവ.ഫാദർ സാജു മുതലാളിയും ശ്രീ. സി എ ജോസഫിന് പ്രാർത്ഥനാശംസകൾ നേർന്നു.
യുക്മയുടെ മറ്റു ദേശീയ നേതാക്കളായ ലിറ്റി ജിജോ, സെലീന സജീവ്, സാജൻ സത്യൻ, അനീഷ് ജോൺ, ടിറ്റോ തോമസ് എന്നിവരും, യുക്മ ചാരിറ്റി ട്രസ്റ്റിമാരായ ഷാജി തോമസ്, ബൈജു തോമസ്, റീജിയണൽ പ്രസിഡണ്ടുമാരായ ആൻറണി എബ്രഹം, ഡോ ബിജു പെരിങ്ങത്തറ, ജാക്സൺ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ എന്നിവരും ശ്രീ. സി എ ജോസഫിനെ അഭിനന്ദിച്ചു.
യുക്മ നൽകിയ ആദരവിന് നന്ദി പ്രകാശിപ്പിച്ച ശ്രീ. സി എ ജോസഫ് യുക്മ നിർദ്ദേശിച്ച പ്രതിനിധിയായിട്ടാണ് 2017ൽ രൂപീകൃതമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ അഡ്‌ഹോക്ക് കമ്മിറ്റിയിൽ താൻ എത്തുവാൻ ഇടയായതെന്ന് അനുസ്മരിച്ചു. 2020 നവംബറിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻറ് ആയി ചുമതലയേറ്റ തന്റെ നേതൃത്വത്തിലുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുക്മ നൽകിയ സഹകരണത്തിന് പ്രത്യകമായി നന്ദിയും അറിയിച്ചു.
മലയാളം മിഷൻ യു കെ ചാപ്റ്റർ തുടർന്ന് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും യുക്മയുടെയും യുകെയിലെ മറ്റ് സാംസ്കാരിക സംഘടനകളുടെയും മുഴുവൻ ഭാഷാസ്നേഹികളുടെയും പരിപൂർണ്ണമായ സഹായവും സഹകരണവും ഉണ്ടാവണമെന്നും ശ്രീ. സി എ ജോസഫ് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല