സ്വന്തം ലേഖകൻ: വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റിൽ പാസാക്കിയത്.
പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവിൽ വന്നത്. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു നിർണായക പ്രഖ്യാപനം. അസമിൽ വൻതോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിലേക്കു തിരിച്ചുവിളിപ്പിച്ചാണ് സിഎഎ പ്രഖ്യാപനം നടത്തിയത്. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു സിഎഎ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ മമത ബാനർജി പ്രതികരിച്ചു.
2020 ജനുവരി 10നു നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ ഹിന്ദു, സിഖ്, ജെയിൻ, പാർസി, ബുദ്ധ, ക്രിസ്ത്യൻ എന്നീ വിഭാഗക്കാർക്ക് ഇതോടെ പൗരത്വം ലഭിക്കും. 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയവർക്കു പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുമെന്നാണു നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഇന്നു പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്ത്. തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, വർഗീയ വികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പരത്താനുമാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളിലാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല