
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു പ്രതിസന്ധിയിലേക്ക്. പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളാണ് മോദിസര്‍ക്കാരിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
16 രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായും സ്ഥാനപതികളുമായും ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രതിനിധികള്‍ സംസാരിച്ചതായും അവരൊക്കെയും ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനു മുന്‍പു തന്നെ ഇന്ത്യയിലെ പല വിഷയങ്ങളിലും വിവിധ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്നൊക്കെയും തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നു പറഞ്ഞാണ് ഇന്ത്യ തലയൂരിയത്. ബാലാകോട്ട് വ്യോമാക്രമണം, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോധ്യാ വിധി തുടങ്ങിയ കാര്യങ്ങള്‍ അതിനുദാഹരണങ്ങളാണ്.
കശ്മീര്‍ വിഷയവും അയോധ്യാ വിധിയും ആഭ്യന്തര വിഷയങ്ങളാണെന്നാണ് ഇന്ത്യ തങ്ങളോടു പറഞ്ഞതെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഒരു ജി-20 രാജ്യത്തെ സ്ഥാനപതി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് പൗരത്വ നിയമമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മുസ്‌ലിം സമുദായത്തിനുള്ളില്‍ ഒതുങ്ങുന്നതല്ലെന്നായിരുന്നു ഇവരുടെ കാഴ്ചപ്പാടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാത്തത് അന്താരാഷ്ട്ര തലത്തിലുള്ള വിമര്‍ശനങ്ങളെ ഭയന്നാണെന്നാണ് അവര്‍ കരുതുന്നത്. വിമര്‍ശനങ്ങളൊക്കെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശ മാധ്യമങ്ങളൊക്കെയും തങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഓരോ ദിവസം കഴിയും തോറും ഇന്ത്യയുടെ സ്ഥാനം ദുര്‍ബലപ്പെട്ടുവരികയാണെന്നും പ്രതിഷേധത്തിന്റെ ചിത്രങ്ങളടക്കം വിദേശ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും ഒരു യൂറോപ്യന്‍ രാജ്യത്തില്‍ നിന്നുള്ള സ്ഥാനപതി പറഞ്ഞു.
വിമര്‍ശനത്തോടും വിയോജിപ്പിനോടുമുള്ള സര്‍ക്കാരിന്റെ അസഹിഷ്ണുതയും വ്യക്തമായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഒരു ജര്‍മന്‍ വിദ്യാര്‍ഥിക്കും നോര്‍വീജിയന്‍ ടൂറിസ്റ്റിനുമെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തേ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും മതാവകാശങ്ങളെയും സംരക്ഷിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍. പോംപിയോയും എടുത്തുപറഞ്ഞിരുന്നു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഇന്ത്യക്കുണ്ടായ ആദ്യ തിരിച്ചടി ബംഗ്ലാദേശില്‍ നിന്നായിരുന്നു. ഇന്ത്യയിലേക്ക് എത്താനിരുന്ന ബംഗ്ലാദേശിന്റെ വിദേശ, ആഭ്യന്തര മന്ത്രിമാര്‍ ആ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. അതിനു പിന്നാലെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തന്റെ സന്ദര്‍ശനം റദ്ദാക്കി.
സന്ദര്‍ശനം റദ്ദാക്കുക മാത്രമാണ് ബംഗ്ലാദേശ് ചെയ്തതെങ്കില്‍, മലേഷ്യ പരസ്യമായി ഇന്ത്യയെ വിമര്‍ശിക്കുകയാണു ചെയ്തത്. ജനങ്ങള്‍ മരിക്കുകയാണെന്നായിരുന്നു ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞത്. ഈ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.
ഇന്ത്യന്‍ വംശജയും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവുമായ പ്രമീള ജയപാല്‍ ഇന്ത്യയുടെ കശ്മീരിലെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ എലിസബത്ത് വാരനും പീറ്റര്‍ ബുട്ടിഗീഗും പ്രമീളയെ പിന്തുണക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. പ്രമീള ജയപാലുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല