1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2024

സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി കേരള സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർസമര പരിപാടികൾ തീരുമാനിക്കും. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയെ സമീപിക്കും. നിയമവിദഗ്ധരുടെ സഹായം തേടിയെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീം അറിയിച്ചു. “സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ചട്ടം തയ്യറാക്കി, നിയമം പ്രാബല്യത്തിലാക്കിയത് ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കും. രാജ്യത്തെ വംശീയ റിപ്പബ്ലിക്കിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം ഉന്നയിക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട് എന്തായിരിക്കും. ആർഎസ്എസിനെ എതിർക്കാൻ കോൺഗ്രസ് തയാറാവണം,” അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭ തെര‌ഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ഇന്നലെ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സ‍ർക്കാർ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച ഡൽഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത് പൊലീസ്. ക്യാമ്പസിനകത്ത് കടന്നാണ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയെലെടുത്തത്. എംഎസ്എഫ് നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തത്. മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ അറസ്റ്റുചെയ്ത് നീക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കൂടിയാണ് ഇപ്പോൾ സിഎഎ നടപ്പാക്കിയതെന്നും വിമർശിക്കുന്നു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. അസമിന് ഇതൊരു കരിദിനമാണെന്ന് വിശേഷിപ്പിച്ച അസം ദേശീയ പരിഷത്തിൻ്റെ പ്രസിഡന്റ് ലുറിൻജ്യോതി ഗൊഗോയ്, സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. 2019ലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിൽ നിന്ന് ജനിച്ച പാർട്ടിയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.