സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നല്കാന് കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്കി. സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു കേന്ദ്രം. സമയം ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയും പറഞ്ഞു.
നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതിയില്‍ വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരില്‍ ഒരാളായ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നത്. വിജ്ഞാപനം സ്റ്റേ ചെയ്ത ശേഷം വാദം കേട്ടുകൂടേയെന്ന് ചോദിച്ച് ഹര്‍ജിക്കാര്‍, ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു.
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി തീർപ്പ് ഉണ്ടാക്കുന്നതുവരെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നൽകരുതെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ താത്കാലികമായിപോലും നിര്‍ത്തിവെക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. നിയമം നടപ്പാക്കാൻ വേണ്ട കമ്മിറ്റികൾ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഏപ്രിൽ 8 ന് ഉള്ളിൽ മറുപടി നൽകാൻ ആണ് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 9 ന് സ്റ്റേ ആവശ്യത്തിൽ സുപ്രീം കോടതി വാദം കേൾക്കും. ഹർജികൾ ഭരണഘടന ബെഞ്ചിലേക്ക് വിടണമോ എന്ന കാര്യത്തിലും അന്ന് തീരുമാനം ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല