കലെയ്‌സിലെ കാടിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ക്യാംപുകളിലായി എറിട്രിയ, ലിബിയ, സുഡാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള 5000 ത്തോളം കുടിയേറ്റക്കാരാണ് തങ്ങുന്നത്. ഇവിടെ അടുത്ത ക്യാംപ് കൂടി നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് യൂറോപ്യന്‍ യൂണിയന്‍. ഇതിനായി 3.65 മില്യണ്‍ പൗണ്ട് ഇയു അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള ആളുകളെ കൂടാതെ 1500 പേരെ കൂടി ഉള്‍ക്കൊള്ളിക്കുന്നതിന് വേണ്ടിയാണ് ക്യാംപ് നിര്‍മ്മിക്കുന്നത്.
ക്യാംപില്‍, ടോയിലറ്റ്, കുളിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കലെയ്‌സില്‍ എത്തുന്ന ആളുകള്‍ക്ക് തിരികെ വീടുകളിലേക്ക് പോകുന്നതിനും താല്‍ക്കാലിക താമസസ്ഥലങ്ങളിലേക്ക് പോകുന്നതിനുമുള്ള ഗതാഗത സൗകര്യം ഒരുക്കുന്നതിനും ഈ പണം ഉപയോഗിക്കും.
കലെയ്‌സില്‍ ക്യാംപ് നിര്‍മ്മാണത്തിനായി അധികം പണം ചെലവഴിക്കുന്ന കാര്യം യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മന്‍സാണ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രതിനിധികള്‍ക്കും ഇയു ഉദ്യോഗസ്ഥര്‍ക്കുമൊപ്പം കലെയ്‌സ് സന്ദര്‍ശിച്ച ശേഷമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
യൂറോപ്യന്‍ സ്പിരിറ്റിന് എതിരായിട്ടാണ് ചില രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പറഞ്ഞു. കലെയ്‌സില്‍നിന്ന് കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ബ്രിട്ടണ്‍ കാണിക്കുന്ന വിമുഖതയെ പരോക്ഷമായി പരാമര്‍ശിച്ചാണ് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല