1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കലായിസില്‍ ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. തുറമുഖ നഗരമായ കലായിസിലെ താല്‍ക്കാലിക ക്യാമ്പില്‍ കഴിയുന്ന ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കാനെത്തിയ ജോലിക്കാരുമായാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് അഭയാര്‍ഥികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രദേശത്തെ 20 ഓളം താല്‍ക്കാലിക ടെന്റുകള്‍ ഉടന്‍ പൊളിക്കാന്‍ കോടതി ഉത്തരവുണ്ട്. സംഘര്‍ഷത്തിനിടെ ഇംഗ്ലണ്ടിലേക്കുള്ള റോഡ് അഭയാര്‍ഥികള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

3700 ഓളം അഭയാര്‍ഥികളാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 200 പേര്‍ അനാഥരായ കുട്ടികളാണ്. ചൊവ്വാഴ്ച രാവിലെ ക്യാമ്പുകളിലത്തെിയ ചിലര്‍ ബലം പ്രയോഗിച്ച് കെട്ടിയുയര്‍ത്തിയ ടെന്റുകള്‍ പൊളിക്കുകയായിരുന്നുവെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. താപനില വെറും ആറു ഡിഗ്രിയായിരുന്ന രാത്രിയിലായിരുന്നു കുടിയൊഴിപ്പിക്കല്‍.

സംഘര്‍ഷത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നീക്കം തിങ്കളാഴ്ച നിര്‍ത്തിവെച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. ശ്രമം തടയാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഏതാനും സന്നദ്ധപ്രവര്‍ത്തകരും പന്ത്രണ്ടോളം ക്യാമ്പ് നിവാസികളും ചേര്‍ന്ന് ടെന്റുകള്‍ക്ക് മേല്‍ കയറി ഇരുന്ന് നീക്കം തടഞ്ഞു. തുടര്‍ന്ന് പൊലീസ് വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു.

പൊലീസ് നടപടിയില്‍ മൈഗ്രന്റ്‌സ് ഹോസ്റ്റല്‍ ചാരിറ്റി എന്ന സംഘടന പ്രതിഷേധിച്ചു. പ്രദേശത്തെ മാലിന്യകേന്ദ്രത്തിന് മുകളില്‍ പണിത ടെന്റുകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഫ്രാന്‍സിലെ മറ്റു ഭാഗങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള നീക്കത്തെയാണ് അഭയാര്‍ഥികള്‍ ചെറുത്തത്. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ഫ്രാന്‍സിനു മേല്‍ ഇംഗ്ലണ്ടും ഉള്‍പ്പെടെ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.