സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിനായി സ്ഥലമനുവദിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കേരളത്തിന് കേന്ദ്രസർക്കാരിന്റെ കത്ത്. വിഷയത്തിൽ ആകുലത രേഖപ്പെടുത്തി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. എത്രയുംവേഗം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് സ്ഥലം നൽകിയില്ലെങ്കിൽ ഓഗസ്റ്റ് മുതൽ റൺവേയുടെ നീളം കുറയ്ക്കാനുള്ള നടപടിയല്ലാതെ മന്ത്രാലയത്തിനുമുന്നിൽ മറ്റു മാർഗങ്ങളുണ്ടാവില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2022 മാർച്ച് മുതൽ സർക്കാരിനോട് സ്ഥലമനുവദിക്കാൻ അഭ്യർഥിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും കത്തിൽ പറഞ്ഞു.
2020 ഓഗസ്റ്റിലെ വിമാനാപകടത്തിനുശേഷം വലിയ വിമാനങ്ങൾ കോഴിക്കോട്ടെത്തുന്നില്ല. അന്നത്തെ അപകടം അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ നീക്കിവെക്കണമെന്നും ഇതിനായി സ്ഥലം വേണമെന്നും നിർദേശിച്ചിരുന്നു. തുടർന്നാണ് വ്യോമയാനമന്ത്രാലയം സംസ്ഥാനസർക്കാരിനോട് ഭൂമി ആവശ്യപ്പെട്ടത്.
റൺവേയുടെ ഇരുവശത്തും ഇതിനായി വേണ്ടിവരുന്ന കൂടുതൽ സ്ഥലം ഏറ്റെടുത്തുനൽകാമെന്ന് 2022 ഏപ്രിലിൽ സംസ്ഥാനസർക്കാർ സമ്മതിച്ചിരുന്നെന്ന് കേന്ദ്രമയച്ച കത്തിൽ പറയുന്നു. റൺവേ പത്തിന്റെ വശത്ത് സ്ഥലമേറ്റെടുക്കുന്നതിനെ സംബന്ധിച്ച സർക്കാരിന്റെ അഭ്യർഥന മാനിച്ച് മാറ്റങ്ങളും വരുത്തി. ആകെ 14.5 ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടത്. ഇവിടെ സ്ഥലം നികത്തുന്നതിന്റെയും മറ്റും ചെലവ് വിമാനത്താവള അതോറിറ്റി വഹിക്കുമെന്നറിയിച്ചിരുന്നു.
2022 ഡിസംബർ ഒന്നോടെ സൗജന്യമായി സ്ഥലം നൽകുമെന്നാണ് സംസ്ഥാനം ആദ്യമറിയിച്ചത്. സ്ഥലമേറ്റെടുക്കൽ ഉറപ്പിക്കാൻ കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലും ഒക്ടോബറിലുമായി പലതവണ സംസ്ഥാനത്തിനു കത്തയച്ചിരുന്നു. സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറക്കിയെന്നും ജൂലായ് ആദ്യവാരത്തിനുള്ളിൽ സ്ഥലം നൽകുമെന്നും ഈ വർഷം ജനുവരി 19-ന് സംസ്ഥാനസർക്കാർ അറിയിച്ചു.
എന്നാൽ, അടുത്ത ജനുവരിക്കുമുമ്പായി സ്ഥലം നൽകാനാവുന്ന സ്ഥിതിയിലല്ല സംസ്ഥാനസർക്കാരെന്നാണ് മനസ്സിലാക്കുന്നതെന്ന് കത്തിൽ പറഞ്ഞു. വിമാനത്താവള അതോറിറ്റിക്ക് സ്ഥലം കൈമാറിയാലും മാനദണ്ഡപ്രകാരം റൺവേ സുരക്ഷാമേഖലയ്ക്കായി മൂന്നുവർഷത്തോളമെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല