സ്വന്തം ലേഖകന്‍: നഴ്സിംഗ് പഠിച്ച വിദ്യാര്‍ഥിയെ ഡോക്ടറാക്കുന്ന ലോകത്തെ ഒരേയൊരു സര്‍വകലാശാല എന്ന ബഹുമതി കാലിക്കറ്റ് സര്‍വകലാശാലക്ക്. സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതരമായ പാളിച്ചകളുമായി സര്‍വകലാശാല വിദ്യാര്‍ഥികളെ വട്ടം കറക്കുകയാണ്.
പഠിച്ച കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റിന് പകരം പഠിക്കാത്ത കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടാണ് ഉത്തര, മധ്യ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയുടെ മറിമായങ്ങള്‍. നഴ്സിങ് പഠിച്ച വിദ്യാര്‍ഥിക്ക് ലഭിച്ചത് വിസി ഒപ്പിട്ടെ ഡോക്ടര്‍ ആവാനുള്ള സര്‍ട്ടിഫിക്കറ്റ്.
ബിബിഎ പഠിച്ച വിദ്യര്ത്ഥിക്കാകട്ടെ കൊമേര്‍സ് ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ വിസി വരുത്തിയ പരിഷ്കാരങ്ങളാണ് ഈ തെറ്റുകള്‍ക്ക് കാരണമെന്ന് ആരോപണമുണ്ട്. നേരത്തെ സെക്ഷന്‍ അസിസ്റ്റന്റും സെക്ഷന്‍ രജിസ്ട്രാരും ഒപ്പിട്ടതിന് ശേഷം പരീക്ഷാ കണ്ട്രോളര് മുഖേന വൈസ്ചാന്‍സലര്‍ക്ക് ഒപ്പിടാനായി എത്തിക്കുകയായിരുന്നു പതിവ്.
എന്നാല്‍, പുതിയ പരിഷ്ക്കാരം അനുസരിച്ച് ഹോളോഗ്രാം സെക്ഷനില്‍ നിന്ന് ഓണ്‍ലൈനായി വിസിയുടെ ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഒപ്പിട്ടതിന് ശേഷം വീണ്ടും സെക്ഷനിലേക്ക് എത്തുമായിരുന്ന നടപടിയും റദ്ദാക്കി. വിസി ഒപ്പിട്ടതിന് ശേഷം നേരെ തപാല്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അയക്കുകയാണ് പുതിയ രീതി.
ഈ രീതിയനുസരിച്ച് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് അതാത് വിഭാഗത്തിലെ ഓഫീസര്‍മാര്‍ ഒരിക്കല്‍ കൂടി കണ്ട് തെറ്റുകള്‍ തിരുത്തുന്നില്ല. വീണ്ടുമൊരു പരിശോധനക്കുള്ള അവസരം അതോടെ ഇല്ലാതാകുന്നു. തെറ്റായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് തുടര്‍പഠനം അവതാളത്തിലായ വിദ്യാര്‍ഥികളുടെ നിരവധി പരാതികളുടെ പ്രളയമാണ് ഇപ്പോള്‍ സര്‍വകലാശാലയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല