മൈക്രോസോഫ്റ്റ് വേര്‍ഡ് ഡോക്യുമെന്റിലൂടെ ഡ്യുക്യു എന്ന പേരുള്ള വൈറസ് അതിവേഗം പരക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ലോകത്തെ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന വേര്‍ഡില്‍ ഇതുവരെ അറിയപ്പെടാതെ കിടന്നിരുന്ന ഒരു പഴുതിന്റെ തുറന്നുകാട്ടല്‍ കൂടിയാണ് ഈ ആക്രമണം. ‘സീറോ ഡേ എക്‌സ്‌പ്ലോയിറ്റ്’എന്നു വിളിക്കുന്ന സോഫ്റ്റ്‌വെയര്‍ പഴുതിലൂടെ വിന്‍ഡോസ് കംപ്യൂട്ടറുകളെയാണ് ആക്രമിക്കുന്നത്.
നമുക്ക് ഏറെ പരിചയമുള്ള ട്രോജന്‍ വൈറസിന്റെ വകഭേദം തന്നെയാണിത്. ഒരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ കയറി കഴിഞ്ഞാല്‍ അതിനുള്ളിലെ സുരക്ഷാസംവിധാനങ്ങള്‍ തകര്‍ക്കുകയാണ് ആദ്യം ചെയ്യുന്നത്. ആന്റിവൈറസുകളെ നിഷ്പ്രഭമാക്കിയതിനുശേഷം ഡാറ്റകള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് മാല്‍വെയര്‍ വികസിപ്പിച്ചിട്ടുള്ളത്.
ഇറാന്റെ ആണവപരിപാടികള്‍ക്കെതിരേ പ്രചരിച്ച സ്റ്റക്‌സ്‌നെറ്റിനോട് സമാനമായ ഒരു വൈറസ് പുറത്തിറങ്ങിയിട്ടുണ്ടെന്ന് സിമാന്റക് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കംപ്യൂട്ടറിനുള്ളില്‍ കയറുന്ന വൈറസ് റിമോട്ട് സെര്‍വറുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൈക്രോസോഫ്റ്റ് വേര്‍ഡിനുള്ള പാച്ച് നിര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉദ്യോഗസ്ഥര്‍ അവിടെ നിന്നും ഹാര്‍ഡ്‌വെയറുകള്‍ പിടിച്ചെടുക്കാന്‍ കാരണം ഡ്യുക്യുവിന്റെ ആക്രമണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആന്റിവൈറസ് നിര്‍മാതക്കളെ സംബന്ധിച്ചിടത്തോളം ഈ വൈറസ് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല