സ്വന്തം ലേഖകന്‍: ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 15 ആയി. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്പതുപേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാര്‍പെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടര്‍ന്നു പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളില്‍ വന്‍ പാറക്കല്ലുകളും ചെളിയും നിറഞ്ഞു. ഏതാനും വീടുകള്‍ക്കും നാശമുണ്ടായി. അതിസന്പന്നരും പ്രശസ്തരും താമസിക്കുന്ന മേഖലയാണു മോണ്ടിസിറ്റോ.
ഇവിടെയുള്ള ഓഫ്രാ വിന്‍ഫ്രിയുടെ വീട് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. മോണ്ടിസിറ്റോയില്‍ അഞ്ചുമിനിറ്റിനകം ഒന്നര സെന്റിമീറ്റര്‍ മഴയാണു പെയ്തത്. സാന്റാ ബാര്‍ബര കൗണ്ടിയില്‍നിന്നു നേരത്തെ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി.സാന്റാ ബാര്‍ബരയ്ക്കു കിഴക്കുള്ള റോമറോ കാന്യണില്‍ കുടുങ്ങിയ 300ല്‍ അധികം പേരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല