സ്വന്തം ലേഖകന്‍: പതിനായിരക്കണക്കിന് ഹെക്ടര്‍ കാടും മൂവായിരത്തോളം വീടുകളും നക്കിത്തുടച്ച് കലിഫോര്‍ണിയയിലെ കാട്ടുതീ, മരണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകള്‍ അഗ്‌നിക്കിരയായതായും 68,800 ഹെക്ടര്‍ കാട് കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 15 പേര്‍ ഈ മേഖലയില്‍ മാത്രം മരിച്ചു. 22 ഇടങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. 170 അഗ്‌നിരക്ഷാ വാഹനങ്ങളും 73 ഹെലിക്കോപ്റ്ററുകളും എണ്ണായിരത്തോളം അഗ്‌നിരക്ഷാ സേനാംഗങ്ങളും തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്.
അഞ്ചു വര്‍ഷമായി വരള്‍ച്ചയുടെ പിടിയിലാണ് ഇവിടമെന്നും ഇത് രൂക്ഷമായേക്കുമെന്നും കലിഫോര്‍ണിയ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ അറിയിച്ചു. കലിഫോര്‍ണിയയില്‍ വന്‍ ദുരന്തം നടന്നതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എട്ട് കൗണ്ടികളില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല