സ്വന്തം ലേഖകന്‍: സംസാരിക്കുമ്പോള്‍ കോള്‍ മുറിഞ്ഞാല്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം. എന്നാല്‍ ഒരുദിവസം പരമാവധി മൂന്നു തവണയേ ഇതു ലഭിക്കൂ. ജനുവരി ഒന്നു മുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ സേവനദാതാക്കളോടു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശിച്ചു.
കോള്‍ ഡ്രോപ് ഉണ്ടായാല്‍ നാലു മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു നഷ്ടപരിഹാരത്തുക നിക്ഷേപിച്ച് അതിന്റെ വിവരങ്ങള്‍ അറിയിക്കണം എന്നാണു കമ്പനികള്‍ക്കുള്ള നിര്‍ദേശം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണെങ്കില്‍ അടുത്ത ബില്ലില്‍ ഈ തുക കുറയ്ക്കണം. മൊബൈല്‍ ഫോണുകളില്‍ ഉപഭോക്താക്കള്‍ കോള്‍ വിളിച്ചു സംസാരം ആരംഭിച്ചുകഴിഞ്ഞാല്‍ അത് ഉപഭോക്താക്കള്‍തന്നെ അവസാനിപ്പിക്കുന്നതിനു മുന്‍പേ കട്ടായി പോകുന്നതിനെയാണു കോള്‍ ഡ്രോപ് ആയി കണക്കാക്കുക. കോള്‍ വിളിക്കുന്ന ഉപഭോക്താവിനാണു നഷ്ടപരിഹാരം കിട്ടുക.
ട്രായിയുടെ നിര്‍ദേശം മൊബൈല്‍ കമ്പനികള്‍ക്കു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. രാജ്യത്തെ പകുതി മൊബൈല്‍ ഉപഭോക്താക്കള്‍ക്കു കോള്‍ ഡ്രോപ് ഉണ്ടായാല്‍ ഒരു ദിവസം 150 കോടി രൂപ വരെ മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല