1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2024

സ്വന്തം ലേഖകൻ: ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുസംഘം കംമ്പോഡിയയില്‍ തടങ്കലിലാക്കി ദിവസങ്ങളോളം ക്രൂരമായി മര്‍ദിച്ച ഏഴു മലയാളി യുവാക്കള്‍ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. ഞായറാഴ്ച ഇവരെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കംമ്പോഡിയയില്‍ തുടരുന്നുണ്ട്. പ്രശ്നമൊന്നുമില്ലെന്ന് യുവാവ് അറിയിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

മണിയൂര്‍ പഞ്ചായത്തിലെ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടിയിലെ പൂളക്കൂല്‍ താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തല്‍ അശ്വന്ത്, എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗളൂരുവിലെ റോഷന്‍ ആന്റണി എന്നിവരാണ് എംബസിയിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ ബെംഗളൂരുവില്‍നിന്ന് തായ്‌ലാന്‍ഡിലേക്ക് പുറപ്പെട്ടത്.

അനുരാഗ്, നസറുദീന്‍ ഷാ, അഥിരഥ്, മുഹമ്മദ് റാസില്‍ എന്നിവരാണ് ജോലി വാഗ്ദാനംചെയ്തത്. അനുരാഗിനെ ഇവര്‍ക്ക് പരിചയമുണ്ട്. ഒരുലക്ഷം വീതം ഓരോരുത്തരും വീസയ്ക്കായി നല്‍കി. തായ്‌ലാന്‍ഡിലെത്തിയശേഷം കംമ്പോഡിയയിലാണ് ജോലിയെന്നു പറഞ്ഞ് അങ്ങോട്ടേക്ക് കൊണ്ടുപോയി. കംമ്പോഡിയന്‍ കമ്പനിക്ക് 2500 ഡോളര്‍ വീതം വാങ്ങി ഇവരെ വില്‍ക്കുകയായിരുന്നുവെന്നാണ് ഇവര്‍ മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ പറയുന്നത്. സൈബര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന തട്ടിപ്പുകമ്പനിയിലാണ് ജോലിചെയ്യേണ്ടിയിരുന്നത്.

വീസമ്മതിച്ചതോടെ സുരക്ഷാജീവനക്കാര്‍ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പുവടികൊണ്ടും മര്‍ദിച്ചു. ഒരാളുടെ എല്ലുപൊട്ടി. ഒളിപ്പിച്ചുവെച്ച ഒരു ഫോണ്‍ വഴി കാനഡയിലുള്ള മലയാളിസുഹൃത്ത് സിദ്ധാര്‍ഥിനെ ബന്ധപ്പെട്ടാണ് രക്ഷപ്പെടുന്നതിനും വിവരം പുറത്തറിയിക്കുന്നതിനുമുള്ള ഏര്‍പ്പാടുചെയ്തത്. കഴിഞ്ഞദിവസം മറ്റൊരു കേന്ദ്രത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യശ്രമം വിഫലമായി.

രണ്ടാം ശ്രമം വിജയിച്ച് ഇന്ത്യന്‍ എംബസിയിലെത്തി. എം.എല്‍.എ.മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദുകുട്ടി എന്നിവരും വിഷയം സംസ്ഥാനസര്‍ക്കാരിന്റെയും നോര്‍ക്കയുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തി. ഷാഫി പറമ്പില്‍ എം.പി. എംബസിയുമായി ബന്ധപ്പെട്ട് വിഷയം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എംബസിയില്‍ സുരക്ഷിതരാണെന്നറിയിച്ച് മകന്‍ വീഡിയോ കോള്‍ ചെയ്തിരുന്നെന്ന് അഭിനവിന്റെ പിതാവ് സുരേഷ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.