സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് കറുത്ത തിങ്കള്‍ സമ്മാനിച്ച് മെസിയുടെ ജീവനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ചു, മരണം ഇന്ന് പുലര്‍ച്ചെ. കേംബ്രിഡ്ജില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്‌സ് മെസിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
നേരത്തെ മെസിയുടെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിനു ശേഷവും ശരീരത്തില്‍ ജീവന്റെ തുടിപ്പ് കണ്ടതിനാല്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് മെഫി മരണത്തിന് കീഴടങ്ങി. മരണസമയത്ത് ഭര്‍ത്താവ് പ്രിന്‍സ് സമീപത്തുണ്ടായിരുന്നു. അവയവദാന ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലാണ് മെഡിക്കല്‍ സംഘം. കേംബ്രിഡ്ജ് നിവാസിയായ മെസി പ്രിന്‍സാണ് ചൊവ്വാഴ്ച രാത്രി 12 മണിക്ക് ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും തലക്കും സാരമായ ക്ഷതമേറ്റ മെസിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്ന മെസിയുടെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും അവയവ ദാനത്തിനായുള്ള നടപടിക്രമങ്ങള്‍ക്കിടയില്‍ മെസിയുടെ തൊണ്ടയില്‍ ജീവന്റെ അനക്കം കാണുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മെസിയെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. മസ്തിഷ്‌ക മരണം സംഭവിച്ചാലും മൂന്ന് നാലു ദിവസത്തേക്ക് മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെങ്കിലും മെസി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉറ്റവര്‍.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴവേ മെസിയുടെ കാല്‍ ജനലില്‍ ഇടിക്കുന്ന ശബ്ദം കേട്ട് നോക്കിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം മെസിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചെങ്കിലും ഭര്‍ത്താവായ പ്രിന്‍സിന് വീഴ്ചയില്‍ നിന്ന് മെസിയെ രക്ഷിക്കാനായില്ല.
മെസി ഫ്‌ലാറ്റിലെ റൂം ഹീറ്ററില്‍ കയര്‍ കെട്ടി ജനല്‍വഴി താഴേക്ക് ചാടുകയായിരുന്നു എന്നും സൂചനയുണ്ട്. ഹൃദ്രോഗിയായ പ്രിന്‍സ് ശസ്ത്രക്രിയക്കായി ഒരുങ്ങുന്ന അവസരത്തിലാണ് ദമ്പതികളെ തേടി അത്യാഹിതമെത്തിയത്. മെസി, പ്രിന്‍സ് ദമ്പതികള്‍ക്ക് മക്കളില്ല. ഈശ്വരവിശ്വാസിയായ മെസി യുകെയിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പോര്‍ട്‌സ്മൗത്ത് ഫേറാമില്‍ നിന്നാണ് കേംബ്രിഡ്ജിലേക്ക് കുടിയേറി പാര്‍ത്തവരാണ് മെസിയും പ്രിന്‍സും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല