ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് മനസ്സിലായതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് പോലും സഖ്യകക്ഷി ഗവണ്‍മെന്റിന്റെ കുടിയേറ്റ നയത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. നിയമത്തില്‍ ഇളവ് നല്‍കിയാല്‍ യൂറോപ്യന്‍ യൂണിയന് പുറത്തുളള രാജ്യങ്ങളില്‍ നിന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് എത്തും. ഇത് കുടിയേറ്റക്കാരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നതിന് കാരണമാകും.
കഴിഞ്ഞ മേയില്‍ പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനിലെ കുടിയേറ്റ നിരക്ക് ഒരു വര്‍ഷം 250,000 എന്ന നിലയിലാണ്. ഇത് 2015ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് 100,000 ആയി കുറക്കാനാണ് സഖ്യകക്ഷി ഗവണ്‍മെന്റിന്റെ നീക്കം.എന്നാല്‍ വിദ്യാര്‍ത്ഥികളെ മാത്രം നിയമത്തില്‍ നിന്ന ഒഴിവാക്കുന്നതിനെ ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ എതിര്‍ത്തു. ഇത് കണക്കുകളില്‍ കളളത്തരം കാട്ടാന്‍ കാരണമാകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരിശോധന കര്‍ശനമാക്കണമെന്നും അതില്‍ പരാജയപ്പെടുന്നവരെ തിരികെ അയക്കണമെന്നും ബോര്‍ഡര്‍ ഫോഴ്‌സിനോട് ഡാമിയന്‍ ഗ്രീന്‍ ആവശ്യപ്പെട്ടിരുന്നു.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഭ്യന്തരമന്ത്രാലയത്തിന്റെ വരുമാനത്തില്‍ 2.6 ബില്യണ്‍ നഷ്ടമുണ്ടായതായി ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഒരു നടപടി സ്വീകരിക്കില്ലെന്നും ഡൗണിങ്ങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. വിസ നിയന്ത്രണം കര്‍ശനമായതോടെ ഇന്ത്യയടക്കമുളള വിദേശരാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബ്രിട്ടന്റെ എതിരാളികളായ ആസ്‌ട്രേലിയ പോലുളള രാജ്യങ്ങളില്‍ ഈ കാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആദ്യം ആസ്‌ട്രേലിയയും വിദേശവിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇളവ് അനുവദിക്കുകയായിരുന്നു.
ഗവണ്‍മെന്റിന്റെ നയങ്ങള്‍ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കാട്ടി അറുപത്തിയെട്ട് ചാന്‍സലര്‍മാര്‍ ഒപ്പിട്ട ഒരു നിവേദനം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു. മതിയായ യോഗ്യതയില്ലാത്ത വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരം നല്‍കുമ്പോള്‍ യോഗ്യതയുണ്ടായിട്ടും ബ്രട്ടീഷുകാരായ വിദ്യാര്‍ത്ഥികള്‍ പിന്തളളപ്പെടുന്നതായി കഴിഞ്ഞദിവസം ഡെയ്‌ലി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല