സ്വന്തം ലേഖകന്‍: ‘ഒന്ന് പോയിത്തരാമോ?’ പ്രതിപക്ഷ നേതാവ് കോര്‍ബിനോട് പ്രധാനമന്ത്രി കാമറണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍. ‘താങ്കള്‍ അവിടെയിരിക്കുന്നത് എന്റെ പാര്‍ട്ടിക്കു (ഭരണകക്ഷി) ഗുണകരമായിരിക്കും. എന്നാല്‍ ദേശീയ താത്പര്യത്തിനു യോജിക്കില്ല. രാജിവച്ചു പോകൂ,’ കോര്‍ബിനോടു കാമറോണ്‍ തുറന്നടിക്കുകയായിരുന്നു.
കോര്‍ബിന്റെ നേതൃത്വത്തിനെതിരേ ലേബറില്‍ കലാപക്കൊടി ഉയര്‍ന്നെങ്കിലും രാജിവക്കാതെ ബലം പിടിച്ച് നില്‍ക്കുകയാണ് അദ്ദേഹം. 172 ലേബര്‍ എംപിമാര്‍ കോര്‍ബിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. നിഴല്‍ കാബിനറ്റിലെ നിരവധിപേര്‍ രാജിവയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും തനിക്കു ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ ജെറമി കോര്‍ബിന്റെ നിലപാട്.രാജിവയ്ക്കുന്നത് തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കുന്നതിനു തുല്യമാണെന്നു കോര്‍ബിന്‍ വ്യക്തമാക്കുകയും ചെയ്തു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന നിലപാട് ശക്തമായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് കോര്‍ബിനെതിരേയുള്ള പ്രധാന ആരോപണം.
പാര്‍ട്ടി ഉപനേതാവ് ടോം വാട്‌സണ്‍, നിഴല്‍ ബിസിനസ് സെക്രട്ടറി ആംഗല ഈഗിള്‍ എന്നിവരിലൊരാളെ കോര്‍ബിനു പകരം നേതൃത്വത്തില്‍ കൊണ്ടുവരാനാണു നീക്കം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്ന് കോര്‍ബിന്‍ മാറാത്തതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല