1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

ഇതോടൊപ്പം പൈറസി പിടിക്കുന്ന സ്വകാര്യ കമ്പനിയെയും ആന്റി പൈറസി സെല്ലിനെയും വാര്‍ത്ത പുറത്തുവിട്ടവരെയും ഒരേസമയം വെല്ലുവിളിച്ചുകൊണ്ട് ചിലര്‍ ബ്ലോഗില്‍ ഉറഞ്ഞുതുള്ളുകയുമാണ്. പ്രവാസിമലയാളികളും ഇവരില്‍ പ്രവാസിമലയാളികളും ഉണ്ടെന്നതാണ് രസകരം.അതേസമയം, ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള വിദ്യാര്‍ഥികളില്‍ ചിലര്‍ സ്ഥിരമായി സിനിമകള്‍ അപ്്‌ലോഡ് ചെയ്തതിനുള്ള തെളിവുകള്‍ കണ്ടെത്തി. പുതിയ മലയാള സിനിമ ബാച്ച്‌ലര്‍ പാര്‍ട്ടി ഇന്‍ര്‍നെറ്റില്‍ ഇട്ടവരും പിന്നീട് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തവരും അടക്കം 1010 പേരെ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. പകര്‍പ്പവകാശം ലംഘിച്ചതിന് ഇവര്‍ക്കെതിരെ ആന്റി പൈറസി സെല്‍ കേസെടുത്ത വിവരം മനോരമ ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 24 മണിക്കൂര്‍ പിന്നിടും മുന്‍പെ കൂടുതല്‍ സിനിമകള്‍ അപ്്‌ലോഡ് ചെയ്യാനുള്ള ആഹ്വാനം സൈബര്‍ ലോകത്ത് പ്രചരിച്ചുകഴിഞ്ഞു.
സിനിമകള്‍ അപ്്‌ലോഡ് ചെയ്യുന്നത് കണ്ടെത്താനുളള സ്വകാര്യ കമ്പനിയായ ജാദൂവിന്റെ നീക്കം വെറും സ്റ്റണ്ടാണെന്നും ആരെയും പിടികൂടാന്‍ കഴിയില്ലെന്നുമാണ് ബ്ലോഗെഴുത്ത്. ജാദൂവിനെതിരെ തട്ടിപ്പിന്റെ പേരില്‍ കേസെടുക്കാന്‍ തയ്യാറുണ്ടോയെന്നാണ് ആന്റി പൈറസി പൊലീസിനുള്ള വെല്ലുവിളി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും ഈ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഇതൊന്നും കണക്കിലെടുക്കാതെ കൂടുതല്‍ സിനിമകള്‍ നെറ്റില്‍ കയറ്റണം എന്നുമാണ് ആഹ്വാനം. ഇതൊന്നും പോരാഞ്ഞ്, താന്‍ തന്നെ ഇനി കൂടുതല്‍ സിനിമകള്‍ അപ്്‌ലോഡ് ചെയ്യുമെന്ന് കൂടി ബാംഗ്ലൂരില്‍ നിന്നുള്ള മലയാളി സ്വന്തം ഫോട്ടോ സഹിതം ബ്ലോഗില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികരണങ്ങളും സംശയങ്ങളുമായി പ്രവാസി മലയാളികള്‍ അടക്കം ഒട്ടേറെപ്പേര്‍ ഈ ബ്ലോഗില്‍ എത്തുന്നുണ്ട്. സ്വന്തം ഐഡന്റിറ്റി മറച്ചുവച്ച് സിനിമ അപ്്‌ലോഡ് ചെയ്യാനുള്ള സാങ്കേതിക സാധ്യതകള്‍ പോലും ഇവിടെ ചിലര്‍ വിശദീകരിക്കുന്നു. അതേസമയം ബാച്ചിലര്‍ പാര്‍ട്ടി ഇന്‍ര്‍നെറ്റില്‍ ഇട്ട പുണെയിലെ മലയാളി വിദ്യാര്‍ഥി മുന്‍പ് അപ്്‌ലോഡ് ചെയ്ത സിനിമകളുടെ പട്ടിക നെറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇയാള്‍ അപ്്‌ലോഡ് ചെയ്തിട്ടുണ്ട്. പൈററ്റ് ബേ എന്ന ടൊറന്റ്് സൈറ്റില്‍ നിന്ന് ഇതിന്റെ വിശദമായ പട്ടിക ആന്റി പൈറസി സെല്‍ ശേഖരിച്ചു.
ഏജന്റ് ജാദൂ എന്ന പുതിയ സോഫ്റ്റ്‌വെയറിലൂടെയാണ് പൈറസിയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്തിയത്. കൊച്ചിയും അമേരിക്കയിലെ കലിഫോര്‍ണിയയും കേന്ദ്രീകരിച്ചാണ് ഏജന്റ് ജാദൂവിന്റെ പ്രവര്‍ത്തനം. ഇന്റര്‍നെറ്റിലെ അനധികൃത പകര്‍പ്പ് (പൈറസി) പൂര്‍ണമായും നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. സാങ്കേതികമായും നിയമപരമായും പൈറസിയെ നേരിടുക എന്ന പ്രവര്‍ത്തനമാണ് ഏജന്റ് ജാദൂവിന്റേത്. നിര്‍മാതാക്കാള്‍ ഏജന്റ് ജാദുവുമായി കരാര്‍ ഒപ്പിടുന്നതോടെ ഇന്റര്‍നെറ്റിലെ വ്യാജന്റെ വിളയാട്ടം സോഫ്റ്റ്‌വെയര്‍ പിടികൂടും. ലോകമെങ്ങും ഇതിനായി സര്‍വറുകളുണ്ട്. നിയമസംവിധാനങ്ങളുമായും ഏജന്റ് ജാദൂ ടീം ബന്ധപ്പെടും. വ്യാജന്റെ പ്രചാരം മുളയിലേനുള്ളുക എന്നതാണ് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം. സ്പിരിറ്റ്, തട്ടത്തിന്‍ മറയത്ത്, ഉസ്താദ് ഹോട്ടല്‍, ഡയമണ്ട് നെക്‌ലെയ്‌സ് എന്നിങ്ങനൈ ഈയിടെ റിലീസായ സിനിമകളുടെ നിര്‍മാതാക്കള്‍ ജാദുവിന്റെ സഹായംതേടിയതിനെത്തുടര്‍ന്ന് ഇവയുടെ വ്യാജനിറങ്ങുന്നതു പൂര്‍ണമായും തടയാന്‍ കഴിഞ്ഞതായി ജാദുവിന്റെ അണിയറപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജസിഡിയും ഇന്റര്‍നെറ്റിലെ പ്രചാരവും കുറയുന്നതോടെ സിനിമയുടെ ബിസിനസ്
പലമേഖലകളില്‍ വര്‍ധിക്കും. സിഡി അവകാശത്തിന് മികച്ചനിരക്കു നിര്‍മാതാവിനു ലഭിക്കും. തിയറ്ററിലെ കളക്ഷന്‍ വര്‍ധിക്കും. വിദേശരാജ്യങ്ങളിലെ മലയാളികള്‍ ചിത്രം ഇന്റര്‍നെറ്റിലൂടെ വിലനല്‍കി കാണും. ഇന്റര്‍നെറ്റില്‍ അനധികൃത പകര്‍പ്പുകള്‍ പ്രചാരത്തില്‍ വരുന്നതുവഴി മലയാള സിനിമയ്ക്കു മാത്രമുള്ള നഷ്ടം പ്രതിവര്‍ഷം 100 കോടിയോളമാണ്. 40 ശതമാനമാണ് ഇതുവഴി ഒരു സിനിമയുടെ വരുമാനനഷ്ടം. ഈയിടെ ഇറങ്ങിയ മായാമോഹിനി, ഗ്രാന്‍ഡ് മാസ്റ്റര്‍, കാസനോവ, 22 ഫീമെയ്ല്‍ കോട്ടയം, കോബ്ര, സെക്കന്‍ഡ് ഷോ എന്നിവയുടെ അനധികൃത പകര്‍പ്പുകള്‍ ഇന്റര്‍നെറ്റില്‍ വലിയ ഹിറ്റായിരുന്നു. ഓര്‍ഡിനറിയും കാസനോവയും ഇരുപതുലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് കണക്ക്. ഗ്രാന്‍ഡ്മാസ്റ്റര്‍ തിയറ്ററിലെത്തിയ ഉടന്‍ ഇന്റര്‍നെറ്റിലുമെത്തി. ഓര്‍ഡിനറി ഇന്റര്‍നെറ്റില്‍ പ്രചരിച്ച് പത്തു ദിവസത്തിനുള്ളില്‍ പത്തുലക്ഷം ഡൗണ്‍ലോഡുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.