
സ്വന്തം ലേഖകൻ: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് ആറ് മണിയോടെ അന്ത്യംകുറിക്കും. തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരുവകളിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവർ ഇന്നു വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടു പോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീംകോടതി. വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണംകേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല