1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2024

സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത അഞ്ചു വര്‍ഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്ററിനടുത്തുള്ള ചെറുപട്ടണമായ ബോള്‍ട്ടന്‍. ജൂലൈ 4 ന് നടക്കുന്ന പാര്‍ലിമെന്റ്‌തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ഉണ്ടെന്നതാണ് പ്രത്യേകത.

ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോള്‍ മലയാള സമൂഹത്തിനിടയില്‍ താരമായി മാറുന്നത്. പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് മുഖ്യ സ്ഥാനം നല്‍കുന്ന ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ മലയാളിയാണ് കൊച്ചാട്ടി. ബോള്‍ട്ടനിലെ ‘ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍’ മണ്ഡലത്തില്‍ അറുപറുപതിനായിരത്തോളം വോട്ടര്‍മാരാനുള്ളത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി-പാരസ്ഥിതിക പ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമാണ് ഫിലിപ്പ്. പ്രവര്‍ത്തന രംഗങ്ങളില്‍ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ പ്രയത്‌നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് ‘ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍’ മണ്ഡലത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വം.

തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പില്‍ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വര്‍ഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 – ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടര്‍ന്നു യു കെയില്‍ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹന്‍ എന്നിവരാണ് മക്കള്‍.

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തില്‍ ബോള്‍ട്ടന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാന്‍ സഹായകമായിട്ടുണ്ട്. കക്ഷി-രാഷ്ട്രീയ- ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും അദ്ദേഹത്തിന്റെ സാമൂഹ്യ- ജീവകാരുണ്യ-പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്.

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട് കൂടിയായ ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നല്‍കികൊണ്ടും പ്രചാരണങ്ങളില്‍ കരുത്തുമായി ബോള്‍ട്ടനിലെ മലയാളി സമൂഹം രാഷ്ട്രീയ ചിന്താഗതികള്‍ മാറ്റിവെച്ച് സജീവമായി ഫിലിപ്പിന്റെ കൂടെയുണ്ട്.

ഇരു പാര്‍ട്ടി ഭരണ സംവിധാനത്തോട് യു കെയിലെ ജനങ്ങളില്‍ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനം ഉള്‍ക്കൊള്ളിച്ചു കൊണ്ടു ഗ്രീന്‍ പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളില്‍ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാര്‍ഥി എന്ന ലേബലും, ബോള്‍ട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നല്‍കി വരുന്ന പിന്തുണയും ചേരുമ്പോള്‍, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കും, ഒപ്പം വിജയ സാധ്യതയും ഉണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.