![](https://www.nrimalayalee.com/wp-content/uploads/2021/10/Campus-Murder-Kerala-.jpg)
സ്വന്തം ലേഖകൻ: പ്രണയപ്പകയിൽ കേരളത്തിൽ വീണ്ടുമൊരു കൊലപാതകം കൂടി. പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സഹപാഠി കൃത്യം നടത്തിയത്. 11.15 ഓട് കൂടിയാണ് സംഭവമുണ്ടായത്. വൈക്കം കളപ്പുരയ്ക്കൽ നിഥിന മോള് (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നിലേറെ തവണ പ്രതി പെൺകുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. അത് നിരസിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂന്നാം വര്‍ഷ ബിവിഒസി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നിഥിന. ഉച്ചയ്ക്ക് പരീക്ഷയ്ക്ക് ശേഷം ഇറങ്ങിയപ്പോള്‍ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. കോളേജ് ഭാഗത്ത് നിന്നും സ്റ്റേഡിയത്തിലേക്ക് ഇറങ്ങുന്ന ഭാഗത്തുവച്ചായിരുന്നു ആക്രമണം.
പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പെൺകുട്ടിയുടെ മൃതദേഹം പാലാ മരിയൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചില്ലെന്നും അടുത്തുള്ള ഒരു സിമിന്റ് സ്ലാബിൽ ഇരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വന്നപ്പോള്‍ ഒന്നും പ്രതികരിക്കാതെ പ്രതി കയറുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
പ്രതിയുടെ കൈയ്യിലും മുറിവ് കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹം ഉടൻ തന്നെ പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തങ്ങള്‍ എത്തിയപ്പോള്‍ ക്യാമ്പസിലെ മരത്തിന്റെ ചുവട്ടിൽ കുട്ടി ചലനമറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ പെൺകുട്ടിക്ക് ചെറിയ ശ്വാസമുണ്ടായിരുന്നുവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടര്‍ കുട്ടി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല