സ്വന്തം ലേഖകൻ: കൊവിഡ്–19 കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കാനഡയിൽ ക്രിസ്മസ് ആഘോഷങ്ങളും പ്രതിസന്ധിയിൽ. കുടുംബവും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾ നിർത്തി അകലംപാലിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിസ്മസ് ആഘോഷിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
ഒക്ടോബർ 12ന് നടന്ന താങ്ക്സ്ഗിവിങ് ചടങ്ങുകളോട് അനുബന്ധിച്ച് കാനഡയിലെ ജനങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുകൂടിയിരുന്നു. ഇതിനുപിന്നാലെ കൊവിഡ് കേസുകൾ വർധിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. നിലവിൽ 2,90,705 പേരാണ് കാനഡയിൽ രോഗബാധിതർ. 10,885 പേർ മരിക്കുകയും ചെയ്തു.
കൂടിക്കാഴ്ചകളും മറ്റും കുറയ്ക്കുകയെന്നതാണ് പ്രധാനമെന്ന് ട്രൂഡോ പറഞ്ഞു. വരുന്ന ആഴ്ചകളിലെ നമ്മുടെ ചെയ്തികളുടെ ഫലമായിരിക്കും ക്രിസ്മസിന്റെ സാഹചര്യം നിശ്ചയിക്കുകയെന്നും ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടിനകത്തും പുറത്തുമായി ഉണ്ടായ അനൗപചാരികമായ ഒത്തുചേരലുകളാണ് കൊവിഡ് ബാധ രൂക്ഷമാക്കിയതെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത് ഓഫിസർ ഡോ. തെരേസ ടാം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല