സ്വന്തം ലേഖകൻ: അടുത്ത വർഷം അവസാനം കാനഡയിലെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതോടെ രാജ്യത്തെത്തിയ ഭൂരിഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കോമൺസ്. കനേഡിയൻ ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം. കാലാവധി അവസാനിക്കുന്ന പെർമിറ്റുകളിൽ 766,000 എണ്ണം വിദേശ വിദ്യാർഥികളുടേതാണ്. കാനഡ അടുത്തിടെ വരുത്തിയ മാറ്റങ്ങളാണ് അന്താരാഷ്ട്ര വിദ്യാർഥികളിൽ ആശങ്ക ഉയർത്തുന്നത്. കാനഡ ഇതിനകം അന്താരാഷ്‌ട്ര സ്റ്റുഡന്റ് പെർമിറ്റുകളിൽ 35ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്.
എല്ലാ താൽക്കാലിക താമസക്കാരും രാജ്യത്തുനിന്ന് പോകേണ്ടതില്ലെന്ന് മാർക്ക് മില്ലർ പറഞ്ഞു. ചിലർക്ക് വീസ പുതുക്കാനും, മറ്റു ചിലർക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് നേടാനും അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി മൂന്നു വർഷം വരെയാണ് പെർമിറ്റുകൾ നൽകിവരുന്നത്. വിദേശ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള വർക്ക് എക്സ്പീരിയൻസ് നേടാൻ ഈ സമയ പരിധിയിലൂടെ കഴിയാറുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതിനാൽ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിനായി കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.
കുടിയേറ്റ നയം കർശനമാക്കിയതിന്റെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കാനഡയിൽ തുടരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാം. വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിലുണ്ടാകുന്ന പരിമിതി മറ്റൊരു പ്രധാന വെല്ലുവിളിയാണ്. ഇതിനെ തുടർന്ന് 2025-ൽ 10 ശതമാനം പെർമ്മിറ്റുകൾ കുറയ്ക്കാനും പദ്ധതിയിടുന്നുണ്ട്. ഈ വർഷം ഓഗസ്റ്റ് മുതൽ, പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികൾ കാനഡയുടെ നയം മാറ്റത്തിൽ പ്രതിഷേധിച്ച് സമരം ചെയ്തിരുന്നു. തങ്ങളെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചാണ് കാനഡയിൽ എത്തിയതെന്നാണ് സമരക്കാരുടെ വാദം. എന്നാൽ ഈ വാദം മുഖവിലയ്ക്ക് എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
രാജ്യത്തെ അനധികൃത താമസം അന്വേഷിക്കാനും പരിഹരം കാണാനും കാനഡ ബോർഡർ സർവീസസ് ഏജൻസി ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിയേറ്റം സംബന്ധിച്ച നയമാറ്റത്തെ തുടർന്ന് വീസാ കാലാവധിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ വിദ്യാർഥികളെ ആകും. ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഓരോ വർഷവും കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല