1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2024

സ്വന്തം ലേഖകൻ: നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ക്ഷാമം എന്‍ എച്ച് എസിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍, യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരെയും റാഞ്ചാന്‍ വഴിയരികില്‍ പരസ്യവുമായി കാനഡ. കാനഡയിലെക്ക് നഴ്സുമാരെയും ഡോക്ടര്‍മാരേയും റിക്രൂട്ട് ചെയ്യുന്നതിനുള്ള പരസ്യം ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുകയാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യം ഉയര്‍ന്നിരിക്കുന്നത്. വെയില്‍സ് എന്‍ എച്ച് എസ്സിലെ കുറഞ്ഞ വേതനവും തൊഴില്‍ സംതൃപ്തി ഇല്ലായ്മയും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കാര്‍ഡിഫിലെ ലോവര്‍ കത്തീഡ്രല്‍ റോഡില്ലെ ഡിജിറ്റല്‍ സൈനുകളില്‍ രണ്ട് പരസ്യങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനഡയിലെ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിന്റെ വിപുലമായ പരസ്യ പ്രചാരണത്തിന്റെ ഭാഗമാണിത്. കെയര്‍ ജീവനക്കാര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരോട് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരസ്യങ്ങള്‍.

വെയില്‍സ് എന്‍ എച്ച് എസ് ജീവനക്കാരുടെ വേതനത്തിലും തൊഴില്‍ സാഹചര്യങ്ങളിലും ഉള്ള അതൃപ്തി മുതലെടുക്കുന്ന രീതിയിലുള്ളതാണ് പരസ്യങ്ങള്‍ രണ്ടും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വെയില്‍സ് എന്‍ എച്ച് എസ്സിലെ നഴ്സുമാരും ഡോക്ടര്‍മാരും ഈ വിഷയങ്ങളില്‍ ഏറെ സമരങ്ങള്‍ നടത്തിയിരുന്നു. ഇത് മുതലെടുക്കുന്ന രീതിയിലാണ് പരസ്യങ്ങള്‍. ‘ നിങ്ങളെ ശ്രദ്ധിക്കുന്നിടത്ത് നിങ്ങള്‍ മറ്റുള്ളവരുടെ ആരോഗ്യത്തെ നിങ്ങള്‍ ശ്രദ്ധിക്കൂ’, ‘രോഗികള്‍ക്ക് ആവശ്യാമുള്ളതെല്ലാം നല്‍കുമ്പോഴും നിങ്ങള്‍ക്കുള്ളത് നഷ്ടപ്പെടില്ല’ എന്നൊക്കെയാണ് പരസ്യ വാചകങ്ങൾ.

ഈ രണ്ട് പരസ്യങ്ങളിലും കാനഡ, ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിലവസരങ്ങളിലേക്ക് ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. കാനഡയിലെ ഏറ്റവും വലിയൂ മൂന്നാമത്തെ പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും, പിടിച്ചു നിര്‍ത്തുന്നതും വെയില്‍സ് എന്‍ എച്ച് എസ്സിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി ആയിരിക്കുകയാാണ് ഇപ്പോള്‍. 2023 അവസാനം റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് 2,717 നഴ്സിംഗ് ഒഴിവുകള്‍ വെയില്‍സില്‍ ഉണ്ടായിരുന്നു എന്നാണ്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 1,719 ആയിരുന്നു.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ കുറവ് നികത്തുന്നതിനായിട്ടാണ് ഈ പരസ്യം നല്‍കിയതെന്ന് ബ്രിട്ടീഷ് കൊളംബിയന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു എന്ന് വെയ്ല്‍സ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു കെയിലെ ഏകദേശം 22 ലക്ഷത്തോളം പേരെ ഉന്നം വച്ചുള്ള പരസ്യ പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമാണിതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബിര്‍മ്മിംഗ്ഹാം, ഗ്ലാസ്‌ഗോ, ലീഡ്‌സ്, ലിവര്‍പൂള്‍, സ്ട്രാറ്റ്‌ഫോര്‍ഡ്, കെന്‍സിംഗ്ടണ്‍, സൗത്ത് ഹാാംപ്ടണ്‍, ന്യൂ കാസില്‍, പിക്കാഡിലി, മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ഇനി പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.