സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്കുള്ള അതിവേഗ വീസ പദ്ധതി കാനഡ അടിയന്തരമായി നിർത്തിവച്ചു. ഇന്ത്യക്കാരുൾപ്പെടെ കാനഡയിൽ ഉന്നതപഠനം ലക്ഷ്യമിട്ടിരുന്നവർ പ്രതീക്ഷയോടെ സമീപിച്ചിരുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) ആണ് നിർത്തലാക്കിയത്. അതിവേഗത്തിലും എളുപ്പത്തിലും അനുവദിച്ചിരുന്ന എസ്ഡിഎസ് അവസാനിപ്പിക്കുകയാണെന്നു വെള്ളിയാഴ്ചയാണ് കാനഡ അറിയിച്ചത്.
ഈ വർഷം രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സെപ്റ്റംബറിൽ സമൂഹമാധ്യത്തിൽ അറിയിച്ചിരുന്നു. അടുത്തവർഷം പത്തുശതമാനംകൂടി കുറവ് വരുത്തും.
കുടിയേറ്റം സന്പദ്ഘടനയ്ക്കു നേട്ടമാണെങ്കിലും മോശം ആളുകൾ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർഥികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്യുന്പോൾ അതിനെ നേരിടേണ്ടിവരുമെന്നായിരുന്നു ട്രൂഡോയുടെ ന്യായീകരണം.
രാജ്യത്ത് താത്കാലികമായി കഴിയുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് ഇതിനു പിന്നാലെ സർക്കാരും വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണു ട്രൂഡോയുടെ പുതിയ നീക്കം. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കണക്കനുസരിച്ച് 4,27,000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലുള്ളത്.
ബിരുദതലം മുതലുള്ള വിദ്യാർഥികൾക്കായി 2018ലാണ് കാനഡ എസ്ഡിഎസ് പദ്ധതി അവതരിപ്പിച്ചത്. ഇന്ത്യക്കു പുറമേ ആന്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റോറിക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെന്റ് വിൻസന്റ്, ട്രിനിഡാഡ് ആൻഡ് ടുബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് വീസ അനുവദിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല