സ്വന്തം ലേഖകൻ: പ്രവിശ്യാ സർക്കാർ കൊണ്ടുവന്ന കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾക്കെതിരേ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിൽ ഇന്ത്യൻ വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. പ്രവിശ്യയുടെ ഇമിഗ്രേഷൻ ഡയറക്ടർ ജെഫ് യുംഗ് വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന ഉറപ്പിലാണ് സത്യഗ്രഹം അവസാനിപ്പിച്ചതെന്ന് ഇന്ത്യൻ വിദ്യാർഥി രുപിന്ദർ പാൽ സിംഗ് പറഞ്ഞു. എന്നാൽ, പ്രത്യേകിച്ച് ഉറപ്പുകളൊന്നും അധികൃതർ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്കും ആശ്രിതർക്കും വർക്ക് പെർമിറ്റ് നിഷേധിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവിശ്യാസർക്കാർ പാസാക്കിയ കുടിയേറ്റ നിയമത്തിലുള്ളത്. പ്രത്യേകിച്ച് , സെയിൽസ് ആൻഡ് സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുന്നതാണു പുതിയ നിയമം.
കനേഡിയൻ യൂണിവേഴ്സിറ്റികളിൽനിന്നോ കോളജുകളിൽനിന്നോ ബിരുദം പൂർത്തിയാക്കിയവർക്ക് രാജ്യാന്തര വിദ്യാർഥികളെന്നനിലയിൽ ഏതെങ്കിലുമൊരു പ്രവിശ്യയിൽ മൂന്നു വർഷത്തേക്ക് ഓപ്പൺ വർക്ക് പെർമിറ്റുകൾ അനുവദിച്ചിരുന്നു. ഓപ്പൺ വർക്ക് പെർമിറ്റിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാനുമാകും. ഇതവസാനിപ്പിക്കുന്നതടക്കമുള്ളതാണ് പുതിയ നിയമപരിഷ്കരണം.
അതിനാൽത്തന്നെ നിയമം നടപ്പായാൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് മടങ്ങേണ്ടിവരും. ഇതോടെയാണ് കഴിഞ്ഞ മാസം ഒന്‍പതിന് വിദ്യാർഥികൾ ഷാർലൊട്ടെ ടൗണിൽ സമരം തുടങ്ങിയത്. പിന്നീട് കഴിഞ്ഞ മാസം 24 മുതൽ സമരം പ്രവിശ്യയിലെ ഇമിഗ്രേഷൻ ഓഫീസിനുമുന്നിൽ നിരാഹാര സത്യഗ്രഹം ആരംഭിക്കുകയായിരുന്നു.
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ഥിരതാമസ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാണ് പ്രവിശ്യാ സർക്കാരിന്റെ തീരുമാനം. ഈ വർഷം സ്ഥിരതാമസത്തിനുള്ള 12000 അപേക്ഷകളാണ് പ്രവിശ്യാ സർക്കാരിനു ലഭിച്ചത്. എന്നാൽ, പ്രതിവർഷം 1590 അപേക്ഷകൾ പരിഗണിച്ചാൽ മതിയെന്നാണു തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല