സ്വന്തം ലേഖകൻ: കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ. 2025 വരെ ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ പദ്ധതിയുള്ളതായി രാജ്യം വെളിപ്പെടുത്തി. കുടിയേറ്റകാര്യ മന്ത്രി സിയാൻ ഫ്രാസറാണ് ഇക്കാര്യം ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നൈപുണ്യവും പ്രവൃത്തിപരിചയവുമുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും അഭയാർഥികൾക്കും കൂടുതലായി സ്ഥിരതാമസം അനുവദിക്കാനും പദ്ധതിയുണ്ട്.
ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ നയത്തെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി സ്വാഗതം ചെയ്തു. പുതിയ നയം കാനഡയിലേക്കു സാന്പത്തിക കുടിയേറ്റം സാധ്യമാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. 2023ൽ 4,56,000 പേരെയാണ് കാനഡ സ്വീകരിക്കുക. 2025ഓടെ വർഷം അഞ്ചു ലക്ഷമായി ഉയർത്തും. കഴിഞ്ഞ വർഷം 4,05,000 പേർക്ക് സ്ഥിരതാമസത്തിനുള്ള വീസ നൽകി. രാജ്യത്ത് നിലവിൽ ഒഴിവുള്ള പത്തുലക്ഷം തൊഴിലവസരങ്ങൾ നികത്തുകയാണു ലക്ഷ്യം.
അഭയാർഥികളെ സ്വീകരിക്കുന്നതിൽ 2025 ഓടെ കുറവ് വരുത്തും. 2023 ൽ 76,00 പേർക്കാണ് അവസരം നൽകുക. 2025ൽ ഇത് 73,000 ആയി കുറയ്ക്കും. 40,000 അഫ്ഗാൻ അഭയാർഥികളെ പാർപ്പിക്കുന്ന പദ്ധതി അടുത്തവർഷം പൂർത്തീകരിക്കുമെന്നും ഫ്രാസർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല