1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2023

സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അടുത്തിടെയാണ് എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പ്രത്യേക തൊഴിലുകളോ പ്രവൃത്തി പരിചയമോ ഉള്ള വ്യക്തികളെ രാജ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ വിഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഈ ആഴ്‌ച, ആരോഗ്യ പ്രവർത്തകർക്കായി ആദ്യത്തെ നറുക്കെടുപ്പ് നടത്തിയ വകുപ്പ്, വരാനിരിക്കുന്ന ആഴ്‌ചയിൽ കൂടുതൽ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് പ്രവേശനം നല്‍കാന്‍ പദ്ധതിയിടുന്നുവെന്നാണ് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, അടുത്ത ആഴ്‌ചയിൽ STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) കാറ്റഗറിയില്‍ നറുക്കെടുപ്പുകളുടെ ആദ്യ റൗണ്ടിനായി ഐആർസിസി തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

പ്രൊജക്ഷനുകൾ ഉൾപ്പെടെയുള്ള തൊഴിൽ വിപണി വിവരങ്ങളും രാജ്യത്തുടനീളമുള്ള ആവശ്യക്കാരില്‍ നിന്നുള്ള ഫീഡ്‌ബാക്കും അടിസ്ഥാനമാക്കിയാണ് ഈ വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പുതിയ വിഭാഗങ്ങൾ കാനഡയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ക്യൂബെക്കിന് പുറത്ത് ഫ്രാങ്കോഫോൺ കുടിയേറ്റം സുഗമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യ സംരക്ഷണ തൊഴിലുകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക് (STEM) തൊഴിലുകൾ, വ്യാപാരം, ഗതാഗതം, കൃഷി, കാർഷിക-ഭക്ഷ്യ തൊഴിലുകൾ തുടങ്ങിയ മേഖലകളിലെല്ലാം വരും ദിവസങ്ങളില്‍ വലിയ തോതില്‍ പ്രവേശനമുണ്ടാവും. ഈ വിഭാഗങ്ങളെല്ലാം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നതിന് ആവശ്യം ഏറെയുള്ളതായും പ്രധാനപ്പെട്ടതുമായി കണക്കാക്കുന്നു.

കാനഡയിലെ പ്രായമായ ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും ആരോഗ്യ സംരക്ഷണത്തിനും തൊഴിലാളി ക്ഷാമത്തിനും വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണ്. 2030-ഓടെ ഒമ്പത് ദശലക്ഷം കനേഡിയൻമാർക്ക് 65 വയസ്സ് തികയും. ഇത് ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്ന ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കും. ഈ ഉയർന്ന ഡിമാന്‍ഡ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യപരിരക്ഷ രംഗത്ത് പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് കുടിയേറ്റത്തിന് മുൻഗണന നൽകുന്നത്.

എസ്ടിഇഎം തൊഴിലുകൾക്കായുള്ള കാനഡയുടെ ആവശ്യം, പ്രത്യേകിച്ച് ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ്, ടെക്നോളജി (ICT) വ്യവസായത്തിൽ, വർദ്ധിച്ചുവരികയാണ്. റിപ്പോർട്ട് പ്രകാരം 2021ൽ ഐസിടി വരുമാനം 242 ബില്യൺ ഡോളറിലെത്തി. റിട്ടയർമെന്റ് നിരക്കും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും തൊഴിൽ സേനയിൽ വിടവ് സൃഷ്ടിക്കുന്നു. ഇത് ചില തൊഴിലുടമകൾക്ക് യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് എസ്ടിഇഎം മേഖലയില്‍ കൂടുതല്‍ കുടിയേറ്റം നടത്തുന്നത്.

എസ്ടിഇഎം വിഭാഗത്തിന് കീഴിൽ യോഗ്യരായ പല തൊഴിലുകൾക്കും തുടക്കത്തില്‍ തന്നെ മികച്ച ശമ്പളം ലഭിക്കുന്നുണ്ട്.. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഒരു സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് കാണിക്കുന്നത്, ബിരുദാനന്തര ബിരുദമുള്ള (2019 ലെ കണക്കനുസരിച്ച്) അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ ശരാശരി തുടക്ക വരുമാനം 52,000 ഡോളർ ആയിരുന്നു.

കാറ്റഗറി അധിഷ്‌ഠിത സെലക്ഷൻ നറുക്കെടുപ്പിന് യോഗ്യതയുള്ളതായി ലിസ്റ്റുചെയ്‌തിരിക്കുന്ന 23 എസ്ടിഇഎം തൊഴിലുകളാണുള്ളത്. ആർക്കിടെക്റ്റുകൾ,
ആർക്കിടെക്ചർ ആന്‍ഡ് സയൻസ് മാനേജർമാർ, ബിസിനസ് സിസ്റ്റം സ്പെഷ്യലിസ്റ്റുകൾ, സിവിൽ എഞ്ചിനീയർമാർ, കമ്പ്യൂട്ടർ ആന്‍ഡ് ഇൻഫർമേഷൻ സിസ്റ്റം മാനേജർമാർ, കമ്പ്യൂട്ടർ എഞ്ചിനീയർമാർ (സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും ഡിസൈനർമാരും ഒഴികെ) കമ്പ്യൂട്ടർ സിസ്റ്റം ഡെവലപ്പർമാരും പ്രോഗ്രാമർമാരും, സൈബർ സുരക്ഷാ വിദഗ്ധർ, ഡാറ്റ സൈറ്റിസ്റ്റ് തുടങ്ങിയ തൊഴിലുകളും ഈ വിഭാഗത്തിന് കീഴില്‍ വരുന്നു.

ഡാറ്റാബേസ് അനലിസ്റ്റിസ് ആന്‍ഡ് ഡാറ്റ അഡ്മിനിസ്ട്രേറ്റർമാർ, ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയർമാർ, എഞ്ചിനീയറിംഗ് മാനേജർമാർ, ഇൻഡസ്ട്രിയൽ, മാനുഫാക്ചറിംഗ് എഞ്ചിനീയർമാർ, ഇൻഫർമേഷൻ സിസ്റ്റം സ്പെഷ്യലിസ്റ്റുകൾ ലാൻഡ് സർവേയർമാർ, ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റുകൾ ഗണിതശാസ്ത്രജ്ഞർ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയർമാർ തുടങ്ങിയ തൊഴിലുകളും എസ്ടിഇഎന് കീഴിലായി വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.