സ്വന്തം ലേഖകൻ: വീസ സേവനം നിർത്തിയതടക്കം കാനഡയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഇന്ത്യ കൈക്കൊണ്ടതോടെ ആ രാജ്യവുമായുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കാനഡ പൗരന്മാർക്ക് വീസ നൽകുന്ന സേവനങ്ങൾ വ്യാഴാഴ്ച കാനഡയിലെ സെന്ററുകളിൽ നിർത്തിവച്ചതാണ് പരസ്പരമുള്ള ഏറ്റുമുട്ടലിലെ ഇന്ത്യയുടെ ഏറ്റവും പുതിയ നടപടി.
ഇതുമൂലം ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്ന കനേഡിയൻമാർക്ക് പുറമേ കാനഡ പൗരത്വം നേടിയ മലയാളികളും പഞ്ചാബികളും അടക്കമുള്ള നിരവധി ഇന്ത്യക്കാരും പ്രതിസന്ധിയിലായി. ഇതേനാണയത്തിൽ ഇന്ത്യക്കാർക്കുള്ള വീസകളും പിആറും കാനഡയും നിർത്തിവച്ചേക്കുമെന്ന ആശങ്കയിൽ, ഇന്ത്യയിലെ കനേഡിയൻ വീസ സെന്ററുകളിൽ അപേക്ഷകൾ നൽകാനുള്ള തിരക്കേറി.
വിവിധ കനേഡിയൻ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളും പിആർ അപേക്ഷകൾ നൽകാനും നൽകിയ അപേക്ഷകളുടെ റിസൾട്ട് അറിയുന്നതിനുമാണ് കുടുതൽപ്പേരും വീസ സെന്ററുകളിലെത്തുന്നത്. ബുധനാഴ്ച, കാനഡയിലെ എല്ലാ ഇന്ത്യൻ പൗരന്മാരോടും ആ രാജ്യം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവരോടും അവിടത്തെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യക്കാർക്കെതിരെയുള്ള ക്രിമിനൽ അക്രമവും രാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാൻ ന്യൂഡൽഹി നിർദ്ദേശിച്ചിരുന്നു.
ഇതിനുപുറമേ, നിലവിൽ കാനഡയിലുള്ള വിദ്യാർത്ഥികൾ അടക്കം എല്ലാ ഇന്ത്യക്കാരോടും ഇന്ത്യൻ എംബസ്സിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന, എന്നാൽ ഇതുവരെ ഇന്ത്യൻ വീസ ഇല്ലാത്ത കനേഡിയൻ പൗരന്മാരെ ബാധിക്കും. ഈ ഗ്രൂപ്പിൽ പ്രധാനമായും കനേഡിയൻ ടൂറിസ്റ്റുകൾ, ബിസിനസ്സ് യാത്രക്കാർ, വിദ്യാർത്ഥികൾ എന്നിവരും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന കനേഡിയൻ പൗരത്വം നേടിയ ഇന്ത്യക്കാരും ഉൾപ്പെടും.
നിലവിൽ കാലാവധിയുള്ള ഇന്ത്യൻ വീസയുള്ള കനേഡിയൻമാരെ ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം ബാധിക്കില്ല. അവരുടെ വീസ നിലവിലുണ്ട്. അവ ഇതുവരെ റദ്ദാക്കിയിട്ടില്ല. അതിനിടെ ഇന്ത്യക്കെതിരായ ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു. ഇക്കാര്യത്തിൽ രഹസ്യന്വേഷണ ഏജൻസികളിൽ നിന്നും വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. തെളിവുകൾ നൽകിയവരിൽ അന്താരാഷ്ട്ര ഏജൻസികളുമുണ്ട്.
അമേരിക്കയും കൂടുതൽ ശക്തമായി കാനഡയെ പിന്തുണച്ച് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് കാനഡയുടെ സഖ്യകക്ഷികളായ ബ്രിട്ടനും ഓസ്ട്രേലിയയും ന്യൂസിലാന്റും ആവശ്യപ്പെടുന്നു. ഇതിനിടെ ഇന്ത്യ വിലപറഞ്ഞിരുന്ന ഒരു ഖാലിസ്ഥാൻ തീവ്രവാദി നേതാവുകൂടി കാനഡയിൽ കൊല്ലപ്പെട്ടത്, പ്രശ്നം കൂടുതൽ വഷളാക്കുകയും സിക്കുകാർക്കിടയിൽ ഇന്ത്യ വിരുദ്ധ വിദ്വേഷം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല