സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാജീവ് വാരികൂ (51), ഭാര്യ ശില്‍പ കോത്ത (47), മകള്‍ മെഹക് വാരികൂ (16) എന്നിവരാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കത്തിനശിച്ച വീട്ടില്‍ തീ അണച്ചതിനുശേഷം പോലീസ് നടത്തിയ തിരച്ചിലാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. അപകടത്തില്‍ മരിച്ചവരെ സംബന്ധിച്ച് ആ സമയത്ത് വ്യക്തത ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ചയാണ് മരിച്ചവരെ കുറിച്ച് കൃത്യമായൊരു നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നത്.
തീപ്പിടിത്തത്തെ കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതായി പീല്‍ പോലീസ് കോണ്‍സ്റ്റബിള്‍ ടാറിന്‍ യങ് പ്രതികരിച്ചതായി സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നരഹത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗവുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം നടത്തുന്നതെന്നും ആകസ്മികമായുണ്ടായ തീപ്പിടിത്തമാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഒന്റാറിയോ ഫയര്‍ മാര്‍ഷല്‍ അറിയിച്ചതായും ടാറിന്‍ യങ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 15 കൊല്ലമായി രാജീവും കുടുംബവും അവിടെ താമസിച്ചുവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അയല്‍വാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമോ വീഡിയോ ദൃശ്യങ്ങളോ നല്‍കാനുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല