സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലുള്ള ആശങ്ക അധികൃതരെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച്‌ച 3 ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ വധിക്കപ്പെട്ടത് സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ടൊറന്റോ, വാൻകുവർ കോൺസുലേറ്റുകൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഔദ്യോഗിക രേഖകൾ അനുസരിച്ച് 4 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ കാനഡയിലുണ്ട്.
അതേസമയം കാനഡ പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചതോടെ അതിവേഗ സ്റ്റുഡന്റ് വീസ പ്രോസസിങ് രീതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) ഇല്ലാതാകുമെങ്കിലും മലയാളി വിദ്യാർഥികൾക്കു ഗുണകരമാകുമെന്നു വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലെ വിദ്യാർഥികൾക്കു മാത്രം ബാധകമായിരുന്ന എസ്ഡിഎസ് പിൻവലിച്ചതോടെ വികസിത രാജ്യങ്ങളിലെ വിദ്യാർഥികൾക്കു ബാധകമായ നിബന്ധനകൾ മാത്രമേ ഇനി മുതൽ ഇന്ത്യൻ വിദ്യാർഥികൾക്കും ബാധകമാകൂ.
2018ൽ നടപ്പാക്കിയ എസ്ഡിഎസ് പ്രകാരം വിദ്യാർഥികൾ ഒരു വർഷത്തെ ട്യൂഷൻ ഫീസ് ഇനത്തിലും ജീവിതച്ചെലവ് ഇനത്തിലുമായി ഏകദേശം 25 ലക്ഷത്തോളം രൂപ മുൻകൂറായി കണ്ടെത്തണമായിരുന്നു. പുതിയ നയം വന്നതോടെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികൾ എല്ലാ വിദേശ വിദ്യാർഥികളെയും പോലെ ഒരു സെമസ്റ്ററിന്റെ മാത്രം ഫീസ് മുൻകൂറായി അടച്ചാൽ മതിയാകും. മറ്റു ചെലവുകൾക്കു സ്പോൺസർഷിപ് ലെറ്റർ, ലോൺ ലെറ്റർ എന്നിവ സമർപ്പിച്ചാൽ മതി. സാമ്പത്തികമായി ഇതു വിദ്യാർഥികൾക്കു വലിയ ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല