സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ ഒമ്പതുവര്‍ഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമായിരുന്നു..
പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ പാര്‍ട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 20 മുതല്‍ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും സൂചനയുണ്ടായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല