സ്വന്തം ലേഖകൻ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നത്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.
ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്‌ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അനാവശ്യമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ട്രൂഡോ പാര്‍ട്ടി നേതൃസ്ഥാനം മാത്രം രാജിവെക്കുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ നാല് മാസം വരെയെടുക്കും.
ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരുന്നതിന് മുന്നോടിയായി ട്രൂഡോ നേതൃസ്ഥാനം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ കോക്കസ് യോഗത്തില്‍ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇത്. എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതും രാജി അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നു.
അതേസമയം തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ഒഴിവാക്കാനും ഇടക്കാല പ്രധാനമന്ത്രിയായി തുടരാനും കനേഡിയന്‍ പാര്‍ലമെന്റ് സെഷന്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല