സ്വന്തം ലേഖകൻ: പുതിയ ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട് ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ കടുത്ത വിമർശനമുയർത്തുകയാണ് രാജ്യങ്ങൾ. യു.എസ് ഉത്പന്നങ്ങൾക്ക് അധികനികുതി ചുമത്തി കാനഡ കഴിഞ്ഞദിവസം തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്നുള്ള കാര്യം ഓർക്കണമെന്നും അമേരിക്കയെ സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കാനുള്ള മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും ട്രൂഡോ പറഞ്ഞു.
കാനഡക്കാരോട് യു.എസ്. കാണിച്ചത് വഞ്ചനയാണ്. അഫ്ഗാനിസ്താനിൽ യു.എസിനൊപ്പം കനേഡിയൻസൈന്യം പോരാട്ടത്തിനിറങ്ങി. കാലിഫോർണിയയിലെ കാട്ടുതീമുതൽ കത്രീനാ ചുഴലിക്കാറ്റുവരെയുള്ള പ്രതിസന്ധികളിലെല്ലാം കാനഡ യു.എസിനൊപ്പം നിന്നു. അത് അമേരിക്കക്കാർ ഓർക്കണം. നോര്‍മാന്‍ഡി ബീച്ചില്‍ നിന്ന് കൊറിയ വരെ, കാണ്ഡഹാര്‍ തെരുവുകള്‍ വരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തു. – ട്രൂഡോ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയെ പുതിയൊരു സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ ഏറ്റവും മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും അല്ലാതെ തങ്ങളെ ശിക്ഷിക്കലല്ലെന്നും ട്രൂഡോ പറഞ്ഞു. ദൗര്‍ഭാഗ്യകരമെന്നോണം വൈറ്റ് ഹൗസിന്റെ നടപടികള്‍ ഒരുമിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണകൂടം ചുമത്തിയ നികുതിക്ക് പകരമായി 15,500 കോടി കനേഡിയൻ ഡോളർ (9.2 ലക്ഷംകോടി രൂപ) മൂല്യം വരുന്ന യു.എസ്. ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്തുമെന്ന് കഴിഞ്ഞദിവസമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്. അതിൽ 3000 കോടി കനേഡിയൻ ഡോളറിന്റെ (1.8 ലക്ഷംകോടി രൂപ) ഉത്പന്നങ്ങൾക്കുള്ള നികുതി ചൊവ്വാഴ്ച നിലവിൽവരും. 12,500 കോടി കനേഡിയൻ ഡോളറിന്റെ ഉത്പന്നങ്ങൾക്ക് 21 ദിവസത്തിനുശേഷമാകും നികുതി ചുമത്തുക.
നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് എത്തുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി. കാനഡക്കുമേൽ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡൻ്റ് മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ കാനഡ പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തേ മുന്നറിയിപ്പും നൽകിയിരുന്നു. കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല