1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2024

സ്വന്തം ലേഖകൻ: 2025 അവസാനത്തോടെ കാനഡയിലെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവാധി അവസാനിക്കുന്നതിനാൽ രാജ്യത്തെത്തിയ ഭൂരുഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കോമൺസ് ഇമിഗ്രേഷൻ കമ്മിറ്റിയെ അറിയിച്ചു.

കാലവാധി അവസാനിക്കുന്ന പെർമിറ്റുകളിൽ 766,000 എണ്ണം വിദേശ വിദ്യാർത്ഥികളുടേതാണ്. കാനഡയുടെ സമീപകാല നയം മാറ്റങ്ങളാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ആശങ്ക ഉയർത്തുന്നത്. വീസാ കാലാവധിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ അന്വേഷിക്കാനും പരിഹരം കാണാനും കാനഡ ബോർഡർ സർവീസസ് ഏജൻസി ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് മാർക്ക് മില്ലർ വ്യക്തമാക്കി.

അതേസമയം, എല്ലാ താൽക്കാലിക താമസക്കാരും രാജ്യത്തുനിന്ന് പോകേണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർക്ക് വീസ പുതുക്കാനും, മറ്റു ചിലർക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് (പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ്) നേടാനും അവസരമുണ്ടെന്ന് മില്ലർ പറഞ്ഞു. സാധാരണയായി ഒമ്പത് മാസം മുതൽ മൂന്നു വർഷം വരെയാണ് പെർമിറ്റുകൾ നൽകിവരുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള വർക്ക് എക്സ്പീരിയൻസ് നേടാൻ ഇതിലൂടെ സാധിക്കുന്നു.

ഈ വർഷം ഓഗസ്റ്റ് മുതൽ, പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ കാനഡയുടെ നയം മാറ്റത്തിൽ പ്രതിഷേധിച്ച് ബ്രാംപ്ടണൽ സമരം ചെയ്തിരുന്നു. തങ്ങളെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചാണ് കാനഡയിൽ എത്തിയതെന്നാണ് സമരക്കാരുടെ വാദം.

ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ അനുസരിച്ച് 2023 മെയ് വരെ പത്തു ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളാണ് കാനഡയിലുള്ളത്. ഇതിൽ 396,235 പേർ 2023 അവസാനത്തോടെ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് നേടിയിട്ടുണ്ട്. എന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്ന തിന്റെയും, കുടിയേറ്റ നയം കർശനമാക്കിയതിന്റെയും പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ സ്ഥിരതാമസത്തിനായി കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.

കാനഡ ഇതിനകം അന്താരാഷ്‌ട്ര സ്റ്റുഡന്റ് പെർമിറ്റുകളിൽ 35ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിലുണ്ടാകുന്ന സമ്മർദ്ദം പ്രധാന ഘടകമായി ചൂണ്ടിക്കാട്ടി 2025-ൽ 10 ശതമാനം പെർമ്മിറ്റുകൾ കുറയ്ക്കാനും പദ്ധതിയിടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.