![](http://www.nrimalayalee.com/wp-content/uploads/2025/01/Screenshot-2025-01-08-171902-640x389.png)
സ്വന്തം ലേഖകൻ: കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അടുത്തയാളായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.
‘കാനഡ യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ല. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുന്നു.’ -ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
‘നോട്ട് എ സ്നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്’ (Not a snowball’s chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യു.എസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. ‘ഒരിക്കലും നടക്കാത്ത കാര്യം’ എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അര്‍ഥം.
പ്രധാനമന്ത്രിക്ക് പിന്നാലെ കനേഡിയന്‍ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്തെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അവര്‍ പറഞ്ഞു.
‘ഞങ്ങളുടെ സമ്പദ്വ്യവസ്ഥ ശക്തമാണ്. ഞങ്ങളുടെ ജനങ്ങളും ശക്തരാണ്. ഭീഷണികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല.’ -കനേഡിയന്‍ വിദേശകാര്യമന്ത്രി എക്സിലൂടെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല