സ്വന്തം ലേഖകൻ: കാനഡയിലേക്കു ചേക്കേറിയശേഷം പി ആർ നേടി സ്ഥിരതാമസമാക്കാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടി. കുടിയേറ്റതാമസക്കാരുടെ എണ്ണം കുറയ്ക്കാൻ കാനഡ ഒരുങ്ങുന്നതായാണ് സൂചന. കുടിയേറ്റക്കാർ രാജ്യത്ത് വർധിക്കുന്നുവെന്ന കനേഡിയൻ സമൂഹത്തിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനം. കാനഡയുടെ കുടിയേറ്റ നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നടപടിയാണിത്.
നിലവില്‍ കാനഡയില്‍ കുടിയേറി സ്ഥിരതാമസമാക്കിയവരുടെ എണ്ണം 4.85 ലക്ഷമാണ്. 2025 എത്തുമ്പോഴേക്കും ഇത് 3.95 ലക്ഷമായി കുറയ്ക്കുകയാണ് ലക്ഷ്യം. രണ്ടു വർഷത്തിനുശേഷം 3.65 ലക്ഷത്തിലേക്ക് എത്തിക്കാനുമാണ് പദ്ധതി. കാനഡയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗ്ലോബ് ആൻഡ് മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എല്ലാവരെയും ഉള്‍ക്കൊള്ളാൻ കഴിയുന്ന ഭവന സംവിധാനം കാനഡയിലുണ്ടോയെന്ന കാര്യത്തിലും ആശങ്ക നിലനിന്നിരുന്നു. കഴിഞ്ഞ വർഷം ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക്ക് മില്ലർ കുടിയേറ്റ ലക്ഷ്യങ്ങള്‍ (Immigration Target) മരവിപ്പിച്ചിരുന്നു. താത്കാലിക താമസക്കാരുടെ കാര്യത്തിലും (വിദ്യാർഥികള്‍, തൊഴിലാളികള്‍) കടുത്ത തീരുമാനത്തിലേക്ക് കാനഡ കടക്കുകയാണ്. കാനഡയുടെ ആകെ ജനസംഖ്യയില്‍ 7.3 ശതമാനവും താല്‍ക്കാലിക താമസക്കാരാണ്. ഇത് അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ അഞ്ച് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വർധിക്കുന്ന കുടിയേറ്റത്തില്‍ കാനഡയിലെ പൊതുസമൂഹത്തില്‍നിന്ന് ആശങ്ക ഉയരുന്നുണ്ടെന്നാണ് സർവേ റിപ്പോർട്ടുകള്‍. കുടിയേറിതാമസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് സർവെയില്‍ പങ്കെടുത്ത 58 ശതമാനം പേരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വർഷത്തെ സർവെയില്‍ നിന്ന് 14 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും എൻവിറോണിക്‌സ് ഇൻസ്റ്റിറ്റൂട്ട് നടത്തിയ ഗവേഷണം പറയുന്നു.
കുടിയേറുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇതിനുപുറമെ, അഭയാർത്ഥികളുടെ പ്രവേശനവും വെട്ടിച്ചുരുക്കുന്നത് ജനീവ കണ്‍വെൻഷനു വിരുദ്ധമാണെന്ന് മൈഗ്രന്റ് റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ ഭാഗമായ സയ്‌ദ് ഹസൻ പറഞ്ഞു.
കാനഡയുടെ ജനസംഖ്യ നിലവില്‍ 4.17 കോടിയാണ്. കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നത് ആരോഗ്യ-നിർമാണ മേഖലകളെ ബാധിക്കുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. തൊഴില്‍മേഖലയെ ബാധിച്ചുകഴിഞ്ഞാല്‍ നിർമാണപ്രവർത്തനങ്ങള്‍ സ്തംഭിക്കാനുള്ള സാധ്യതകളും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല