സ്വന്തം ലേഖകൻ: കേരളത്തനിമയുടെ തിളക്കത്തിൽ കനേഡിയൻ ‘പാർലമെന്റിലെ ഓണം’ ഇത്തവണയും ആഘോഷിക്കും. സെപ്റ്റംബർ 20 ബുധനാഴ്ചയാണ് പാർലമെന്റിലെ രണ്ടാമത്തെ ഓണത്തിന് അരങ്ങൊരുങ്ങുക. ഇന്തോ- കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷത്തിന് ആതിഥ്യമരുളുന്നത് പാർലമെന്റംഗം മൈക്കൽ ബാരറ്റാണ്. പാർലമെന്റിനോട് ചേർന്നുള്ള സർ ജോൺ എ മക്ഡോണൾഡ് ബിൽഡിങ്ങിൽ വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി.
കാനഡയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള അറുപതിലേറെ മലയാളി സംഘടനകളുടെ പ്രാതിനിധ്യവും അറുന്നൂറിലേറെ പേരുടെ സാന്നിധ്യവുമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. മാവേലിയും ചെണ്ടമേളവും കലാ-സാംസ്കാരിക പരിപാടികളും ഓണസദ്യയുമുണ്ടാകും. പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവും മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാമായി കനേഡിയൻ രാഷ്ട്രീയരംഗത്തെ പ്രമുഖരും ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികളുമെല്ലാം പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ അറിയിച്ചു.
ബിജു ജോർജ് ചെയർമാനും റാം മതിലകത്ത് കൺവീനറുമായ സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. രേഖ സുധീഷാണ് ഇവന്റ് കോഓർഡിനേറ്റർ. സതീഷ് ഗോപാലനും ടോമി കോക്കാട്ടുമാണ് കോ-ചെയർ പദവി വഹിക്കുന്നത്. സുധീഷ് പണിക്കർ ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസിന്റെയും പ്രവീൺ വർക്കി കമ്യൂണിറ്റി ഔട്ട്റീച്ചിന്റെയും കോ-ഓർഡിനേറ്റർമാരാണ്.
കഴിഞ്ഞവർഷം ആദ്യമായി ഈ പരിപാടിക് നടത്തിയപ്പോൾ ലഭിച്ച പിന്തുണ കണക്കിലെടുത്ത് ഇക്കുറി വിപുലമായ ആഘോഷങ്ങളാണ് ഒരുക്കുന്നതെന്ന് ചെയർമാൻ ബിജു ജോർജ് പറഞ്ഞു. റജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്. സ്പോൺസർമാരിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഓട്ടവയിലെ ഹാർട് ഇൻസ്റ്റിറ്റ്യൂട്ടിനും റോയൽ ഓട്ടവ ഹോസ്റ്റപിറ്റലിനും നൽകും. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യേണ്ട ഇ-മെയിൽ: onamatp@gmail.com വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്- www.nationalonamcanada.ca
ജിടിഎയിൽനിന്ന് പങ്കെടുക്കുന്നവർക്കായി മിസിസാഗയിൽനിന്ന് സ്പെഷൽ ബസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കുചേരുന്ന മലയാളി സംഘടനകളുടെ ഒരു മിനിറ്റ് വിഡിയോ സമ്മേളനഹാളിൽ പ്രദർശിപ്പിക്കും. കേരളത്തനിമയുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക് ബിജു ജോർജ് (613.761.3219), പ്രവീൺ വർക്കി (647.854.0358) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല