സ്വന്തം ലേഖകൻ: വിദേശ വിദ്യാർഥികൾക്ക് ദീർഘകാല താമസത്തിനുള്ള വീസകൾ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടിത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വർധനയെത്തുടർന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയിൽ ദീർഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ വിദ്യാർഥികൾ പഠനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികളെ തുടർന്ന് കനേഡിയൻ വീസ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ ജീവിതച്ചെലവിലെ വർധനവ്, താമസം, ഉയർന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവ സംബന്ധിച്ച് വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ഈ പ്രതിസന്ധികളെ നേരിടുന്നതിന്റെ ഭാഗമായ് വിദേശ വിദ്യാർഥികളുടെ വീസകളുടെ എണ്ണത്തിൽ ഇതിനകം തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 437,000 വീസകൾ നൽകിയിരുന്ന സ്ഥാനത്ത് ഈ വർഷം 300,000 വീസകൾ മാത്രം നൽകാനാണ് പദ്ധതി.
രാജ്യത്ത് തുടരാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികളുടെയും തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നവരുടെയും എണ്ണം ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. നിലവിൽ താരതമ്യേന എളുപ്പമുള്ള പൗരത്വ പ്രക്രിയയാണ് കാനഡയുടേത്. കൂടാതെ രാജ്യത്ത് സ്ഥിരതാമസത്തിനുള്ള എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗമായാണ് ആളുകൾ പഠന വീസകളെ കാണുന്നത്. പഠന വീസകൾക്ക് പരിധി നിശ്ചയിച്ച്, രാജ്യത്ത് സ്ഥിരതാമസവും പൗരത്വവും തേടുന്നവരുടെ എണ്ണം കുറയ്ക്കാനാണ് കാനഡ ലക്ഷ്യംവയ്ക്കുന്നത്. കുടിയേറ്റക്കാരെ 7% ൽ നിന്ന് 5% ആയി കുറയ്ക്കാനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല